ജോ ഒരു ദിവസം പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്തു. പലപ്പോഴും ഇടവേളകള്‍ എടുക്കാതെയാണു ജോലിചെയ്തിരുന്നത്. ഒരു ചാരിറ്റബിള്‍ ബിസിനസ്സ് ആരംഭിച്ച ജോയ്ക്കു ജോലിയില്‍ വളരെയധികം സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടിവന്നതിനാല്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാന്‍ അല്പം പോലും സമയം അവശേഷിച്ചിരുന്നില്ല. ക്രമേണ കടുത്ത സമ്മര്‍ദ്ദം മൂലം ജോ ആശുപത്രിയിലായി. അദ്ദേഹത്തെ സഹായിക്കാനായി കുറച്ചു പേരെ സംഘടിപ്പിക്കാമെന്ന് ഒരു സുഹൃത്തു വാഗ്ദാനം ചെയ്തു. തന്റെ നിയന്ത്രണം ഉപേക്ഷിക്കാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നുവെങ്കിലും, തന്റെ നിലവിലെ വേഗത നിലനിര്‍ത്താന്‍ കഴിയില്ലെന്നു ജോയ്ക്ക് അറിയാമായിരുന്നു. തന്റെ സുഹൃത്തിനെയും ദൈവത്തെയും വിശ്വസിക്കാന്‍ ജോ സമ്മതിച്ചു. അവര്‍ ഒരുമിച്ചു തിരഞ്ഞെടുത്ത ആളുകളെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചു. ഒരു വര്‍ഷത്തിനുശേഷം, ദൈവം അയച്ച സഹായം താന്‍ നിരസിച്ചിരുന്നുവെങ്കില്‍, ചാരിറ്റിക്കും കുടുംബത്തിനും ഒരിക്കലും അഭിവൃദ്ധിപ്പെടാന്‍ കഴിയുമായിരുന്നില്ലെന്ന് ജോ സമ്മതിച്ചു.

സ്‌നേഹമുള്ള ഒരു സമൂഹത്തിന്റെ പിന്തുണയില്ലാതെ അഭിവൃദ്ധി പ്രാപിക്കാനല്ല ദൈവം ആളുകളെ രൂപകല്പന ചെയ്തിട്ടുള്ളത്. പുറപ്പാട് 18 – ല്‍, മോശെ, യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിക്കുന്നതു നാം  കാണുന്നു. ഉപദേഷ്ടാവ്, ആലോചനക്കാര്‍, ന്യായാധിപന്‍ എന്നീ നിലകളില്‍ ദൈവജനത്തെ സേവിക്കാന്‍ മോശെ ശ്രമിച്ചു. മോശെയുടെ അമ്മായിയപ്പന്‍ ഒരു സന്ദര്‍ശനത്തിനെത്തിയപ്പോള്‍, അദ്ദേഹം മോശെയ്ക്ക് ഈ ഉപദേശം നല്‍കി: ‘നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിക്കുവാന്‍ നിനക്കു കഴിയുന്നതല്ല’ (പുറ. 18:18). വിശ്വസ്തരായ ആളുകളുമായി ജോലിഭാരം പങ്കിടാന്‍ അവന്‍ മോശെയെ പ്രോത്സാഹിപ്പിച്ചു. മോശെ സഹായം സ്വീകരിച്ചു, അതു സമൂഹത്തിനു മുഴുവനും പ്രയോജനപ്പെട്ടു.

നാം ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ദൈവം തന്റെ എല്ലാ ജനങ്ങളിലും ജനങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്നു നാം വിശ്വസിക്കുമ്പോള്‍, നമുക്ക് യഥാര്‍ത്ഥ വിശ്രമം കണ്ടെത്താന്‍ കഴിയും.