ഒരു പീനട്ട്സ് കോമിക്ക് സ്ട്രിപ്പില്‍, ലൂസി എന്ന കഥാപാത്രം “അഞ്ചു രൂപയ്ക്കു
മനോരോഗചികിത്സ” എന്നു പരസ്യം ചെയ്തു. ലിനസ് എന്ന വ്യക്തി അവളുടെ ഓഫീസിലെത്തി, തനിക്ക് ആഴമായ വിഷാദരോഗം ഉണ്ടെന്നു പറഞ്ഞു. തന്റെ അവസ്ഥയെ സംബന്ധിച്ച് എന്തുചെയ്യാന്‍ കഴിയുമെന്ന് അയാള്‍ അവളോടു ചോദിച്ചപ്പോള്‍, ലൂസിയുടെ പെട്ടെന്നുള്ള മറുപടി ഇതായിരുന്നു, “അത് കാര്യമാക്കേണ്ട! എന്റെ അഞ്ചു രൂപ എടുക്ക്.’’
ഇത്തരം ലഘുവായ വിനോദം ഒരു നിമിഷനേരത്തെ പുഞ്ചിരി സമ്മാനിക്കുമെങ്കിലും, യഥാര്‍ത്ഥജീവിതത്തിലെ ദുഃഖവും ഇരുട്ടും എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. നിരാശതയും വിഷാദവും യാഥാര്‍ത്ഥ്യങ്ങളാണ്. ചിലപ്പോള്‍ അതിനു വിദഗ്ധസഹായവും വേണ്ടിവരും.
യഥാര്‍ത്ഥ മനഃപീഡ പരിഹരിക്കുന്നതിനു ലൂസിയുടെ ഉപദേശം സഹായകരമല്ല. എന്നിരുന്നാലും, 88-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്, പ്രബോധനപരവും പ്രത്യാശ നല്‍കുന്നതുമായ ഒരു കാര്യം വാഗ്ദത്തം ചെയ്യുന്നു. പ്രശ്നത്തിന്റെ ഒരു വലിയ ചുമട്, അവന്റെ വീട്ടുവാതില്ക്കല് എത്തിയിരുന്നു. പച്ചയായ സത്യസന്ധതയോടെ അവന് തന്റെ ഹൃദയം ദൈവത്തിങ്കല്‍ പകര്‍ന്നു.
“എന്റെ പ്രാണന് കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവന് പാതാളത്തോടു സമീപിക്കുന്നു” (വാ. 3). ‘നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു” (വാ. 6). “എന്റെ പരിചയക്കാര് അന്ധകാരമത്രേ” (വാ. 18). സങ്കീര്‍ത്തനക്കാരന്റെ വേദന നാം കള്‍ക്കുന്നു, അനുഭവിക്കുന്നു, തിരിച്ചറിയുന്നു. എങ്കിലും അതുകൊണ്ടു തീരുന്നില്ല. അവന്റെ വിലാപം പ്രത്യാശ നിറഞ്ഞതാണ്. “എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു; എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ” (വാ. 1-2; വാ. 9,13 കാണുക).
ഭാരമേറിയ കാര്യങ്ങള്‍ വരും, കൗണ്‍സിലിങ്ങും വൈദ്യസഹായവും പോലുള്ള പ്രായോഗിക നടപടികള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഒരിക്കലും ദൈവത്തിലുള്ള പ്രത്യാശ ഉപേക്ഷിക്കരുത്.
നിങ്ങളുടെ നിരാശയുടെ നടുവില്‍ നിങ്ങള്‍ എപ്പോഴാണു ദൈവത്തിലേക്കു തിരിഞ്ഞിട്ടുള്ളത്? ദൈവത്തോടു ഇപ്പോള്‍ നിലവിളിക്കുന്നതില്നിന്നു നിങ്ങളെ തടയുന്നതെന്താണ്?
പിതാവേ, എന്റെ സാഹചര്യം എന്തുതന്നെയായിരുന്നാലും, അങ്ങയുടെ സ്വാഗതാര്‍ഹമായ തുറന്ന കരങ്ങള്‍ കാണാന്‍ എന്നെ സഹായിക്കണമേ!