കഴിഞ്ഞ വര്‍ഷമോ മറ്റോ, നിരവധി എഴുത്തുകാര്‍ നമ്മുടെ വിശ്വാസത്തിന്റെ ‘പദാവലി’ പുനഃപരിശോധിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഉദാഹരണമായി, അമിതപരിചയത്തിലൂടെയും അമിത ഉപയോഗത്തിലൂടെയും സുവിശേഷത്തിന്റെ ആഴങ്ങളുമായും ദൈവത്തിനായുള്ള നമ്മുടെ ആവശ്യവുമായും ബന്ധം നഷ്ടപ്പെടുമ്പോള്‍, ദൈവശാസ്ത്രപരമായി സമ്പന്നമായ വിശ്വാസവാക്കുകള്‍ക്കു പോലും അവയുടെ സ്വാധീനത നഷ്ടപ്പെടുമെന്ന് ഒരു എഴുത്തുകാരന്‍ ഊന്നിപ്പറഞ്ഞു. അതു സംഭവിക്കുമ്പോള്‍, നമ്മുടെ ധാരണകളെ ഉപേക്ഷിച്ച്  സുവിശേഷത്തെ ആദ്യമായി കാണുന്നതിനായി, വിശ്വാസത്തിന്റെ ഭാഷ “ആദ്യം മുതല്‍” തന്നെ നാം വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

”ആദ്യം മുതല്‍ ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍” പഠിക്കുന്നതിനുള്ള ക്ഷണം എന്നെ ഓര്‍മ്മിപ്പിക്കുന്നതു പൗലൊസിനെക്കുറിച്ചാണ്. ‘സുവിശേഷം നിമിത്തം … എല്ലാവര്‍ക്കും എല്ലാമായി”ത്തീരുന്നതിനു പൗലൊസ് തന്റെ ജീവിതം സമര്‍പ്പിച്ചു (1 കൊരിന്ത്യര്‍ 9:22-23). യേശു ചെയ്ത കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുന്നതിനു തനിക്കു നന്നായി അറിയാമെന്ന് പൗലൊസ് ഒരിക്കലും കരുതിയില്ല. പകരം, നിരന്തരമായ പ്രാര്‍ത്ഥനയില്‍ അദ്ദേഹം ആശ്രയിക്കുകയും – സുവിശേഷം പങ്കിടുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്തുന്നതിനു തന്നെ സഹായിക്കുന്നതിനായി – സഹവിശ്വാസികളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുകയും ചെയ്തു(എഫെസ്യര്‍ 6:19).

ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തില്‍ വേരൂന്നുന്നതിനായി ഓരോ ദിവസവും താഴ്മയുള്ളവരും ക്രിസ്തുവില്‍നിന്നു സ്വീകരിക്കുന്നതിനുള്ള മനോഭാവമുള്ളവരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും അപ്പൊസ്തലന് അറിയാമായിരുന്നു (3:16-17). നമ്മുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക്് ആഴത്തിലിറങ്ങുമ്പോഴാണ് ഓരോ ദിവസവും അവിടുത്തെ കൃപയില്‍ ആശ്രയിക്കുന്നതിനെക്കുറിച്ചു നാം കൂടുതല്‍ ബോധവാന്മാരാകുന്നതും അവിടുന്നു നമുക്കുവേണ്ടി ചെയ്തതിന്റെ അതിശയകരമായ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ നമുക്കു കഴിയുന്നതും.