അടുത്തിടെ ഞാനും ഒരു സ്‌നേഹിതനും കൂടി, നടക്കാന്‍ ഞാന്‍ അത്യധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. സദാ കാറ്റു വീശിയടിക്കുന്ന ഒരു കുന്നു കയറി, കാട്ടുപൂക്കളുടെ ഒരു പ്രദേശം കടന്ന്, കൂറ്റന്‍ പൈന്‍മരക്കാടുകളിലെത്തി, തുടര്‍ന്ന് ഒരു താഴ്‌വരയിലേക്ക് ഇറങ്ങി, അവിടെ ഞങ്ങള്‍ ഒരു നിമിഷം നിന്നു. മേഘങ്ങള്‍ ഞങ്ങള്‍ക്കു മുകളില്‍ ശാന്തമായി നീങ്ങി. സമീപത്ത് ഒരു അരുവി ഒലിച്ചിറങ്ങുന്നു. പക്ഷികളുടെ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളു. എല്ലാം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ടു ഞാനും സ്‌നേഹിതനും പതിനഞ്ചു മിനിറ്റു നിശബ്ദമായി അവിടെ നിന്നു.

അന്നത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ സൗഖ്യം പ്രദാനം ചെയ്യുന്നതായിരുന്നു. ഒരു യുഎസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷണമനുസരിച്ച്, പ്രകൃതിയെ ധ്യാനിക്കുന്നതിനായി സമയം കണ്ടെത്തുന്ന ആളുകള്‍ക്ക് ഉയര്‍ന്ന അളവിലുള്ള സന്തോഷവും താഴ്ന്ന അളവിലുള്ള ഉത്കണ്ഠയും ഭൂമിയെ പരിപാലിക്കാനുള്ള വലിയ ആഗ്രഹവും ഉണ്ടാകുന്നു. എങ്കിലും കാട്ടിലൂടെ നടക്കുന്നതുകൊണ്ടു മാത്രം മതിയാകില്ല. നിങ്ങള്‍ മേഘങ്ങളെ നിരീക്ഷിക്കുകയും, പക്ഷികളുടെ ശബ്ദം കേള്‍ക്കുകയും വേണം. പ്രകൃതിയില്‍ ആയിരിക്കുക എന്നതല്ല പ്രധാനം, അതിനെ ശ്രദ്ധിക്കുക എന്നതാണ്.

പ്രകൃതിയുടെ ഗുണങ്ങള്‍ക്ക് ഒരു ആത്മീയകാരണം ഉണ്ടോ? സൃഷ്ടി ദൈവത്തിന്റെ ശക്തിയും സ്വഭാവവും വെളിപ്പെടുത്തുന്നുവെന്നു പൗലൊസ് പറഞ്ഞു (റോമര്‍ 1:20). ദൈവസാന്നിധ്യത്തിന്റെ തെളിവായി കടലിനെയും ആകാശത്തെയും നക്ഷത്രങ്ങളെയും നോക്കാന്‍ ദൈവം ഇയ്യോബിനോടു പറഞ്ഞു (ഇയ്യോബ് 38-39). ‘ആകാശത്തിലെ പറവകളെയും വയലിലെ പുഷ്പങ്ങളെയും’ ധ്യാനിക്കുന്നതു ദൈവത്തിന്റെ കരുതലിനെ വെളിപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് യേശു പറഞ്ഞു (മത്തായി 6:25-30). തിരുവെഴുത്തില്‍, പ്രകൃതിയെ ശ്രദ്ധിക്കുന്നത് ഒരു ആത്മീയപരിശീലനമാണ്.

പ്രകൃതി നമ്മെ ഇത്രയധികം സാധകാത്മകമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്നു ശാസ്ത്രജ്ഞര്‍ ആശ്ചര്യപ്പെടുന്നു. ഒരുപക്ഷേ ഒരു കാരണം, പ്രകൃതിയെ ശ്രദ്ധിക്കുന്നതിലൂടെ, അതിനെ സൃഷ്ടിച്ചവനും നമ്മെ ശ്രദ്ധിക്കുന്നവനുമായ ദൈവത്തെക്കുറിച്ച് ഒരു ദര്‍ശനം നമുക്കു ലഭിക്കും എന്നതായിരിക്കും.