ഹ്യൂമന്‍ യൂണിവേഴ്സല്‍സ് എന്ന തന്റെ പുസ്തകത്തില്‍, നരവംശശാസ്ത്രജ്ഞന് ഡൊണാള്‍ഡ് ബ്രൗണ്‍, മനുഷ്യകുലത്തിനു പൊതുവായിട്ടുള്ളതെന്നു താന്‍ കരുതുന്ന നാനൂറിലധികം പെരുമാറ്റങ്ങളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍, തമാശകള്‍, നൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍, പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത, വസ്തുക്കള്‍ കയറുകൊണ്ടു കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു! അതുപോലെ, എല്ലാ സംസ്കാരങ്ങള്‍ക്കും ശരിയും തെറ്റും സംബന്ധിച്ച സങ്കല്പങ്ങള് ഉണ്ടെന്നും, ഔദാര്യത്തെ ആളുകള്‍ പ്രശംസിക്കുന്നുവെന്നും വാഗ്ദാനങ്ങള്‍ വിലമതിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ നീചത്വം, കൊലപാതകം തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണെന്നും മനസ്സിലാക്കുന്നു. നാം എവിടെ നിന്നുള്ളവരായാലും, നമുക്കെല്ലാവര്‍ക്കും മനഃസാക്ഷി ഉണ്ട്.
അപ്പൊസ്തലനായ പൗലൊസ് നൂറ്റാണ്ടുകള്‍ക്കു മുമ്പു സമാനമായ ഒരു കാര്യം പറഞ്ഞു. തെറ്റില്‍നിന്നു ശരിയെ വേര്‍തിരിക്കാന്‍ ദൈവം യെഹൂദജനതയ്ക്കു പത്തു കല്പനകള് നല്കിയപ്പോള്, വിജാതീയര്‍ക്ക് അവരുടെ മനഃസാക്ഷിയെ അനുസരിക്കുന്നതിലൂടെ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയിട്ടുണ്ടെന്നു പൗലൊസ് വ്യക്തമാക്കി (റോമര്‍ 2:14-15). എന്നാല്‍ അതിനര്‍ത്ഥം ആളുകള്‍ എപ്പോഴും ശരിയായതു ചെയ്തു എന്നല്ല. വിജാതീയര്‍ തങ്ങളുടെ മനഃസാക്ഷിക്കെതിരെ മത്സരിച്ചു (1:32), യെഹൂദന്മാര്‍ ന്യായപ്രമാണം ലംഘിച്ചു (2:17-24), അങ്ങനെ ഇരുവരും കുറ്റക്കാരായി. എന്നാല്‍ യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവം നമ്മുടെ എല്ലാ നിയമലംഘനങ്ങളുടെയും മരണശിക്ഷ നീക്കംചെയ്യുന്നു (3:23-26; 6:23).
ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധത്തോടെയാണു ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് എന്നതുകൊണ്ട്, നാം ചെയ്ത ഒരു മോശമായ കാര്യത്തെക്കുറിച്ചോ അല്ലെങ്കില്‍ ചെയ്യാന്‍ പരാജയപ്പെട്ട ഒരു നല്ല കാര്യത്തെക്കുറിച്ചോ നമുക്ക് ഓരോരുത്തര്‍ക്കും കുറച്ചു കുറ്റബോധം തോന്നും. നാം ആ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം ഒരു വൈറ്റ്ബോര്‍ഡ് തുടച്ചു വൃത്തിയാക്കുന്നതുപോലെ ആ കുറ്റബോധത്തെ തുടച്ചുനീക്കുന്നു. നാം ചെയ്യേണ്ടത് അവനോടു ചോദിക്കുക മാത്രമാണ് – നാം ആരായാലും നാം എവിടെ നിന്നുള്ളവരായാലും.
മനുഷ്യരാശിയുടെ ശരിയും തെറ്റും സംബന്ധിച്ച ബോധം എവിടെനിന്നു വരുന്നുവെന്നാണു നിങ്ങള്‍ ചിന്തിക്കുന്നത്? ഇന്നു നിങ്ങളുടെ എന്തു കുറ്റബോധമാണ് യേശു ക്ഷമിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നത്?
യേശുവേ, ഞാന്‍ ശരിയായി ചെയ്യുന്നതില്‍ പരാജയപ്പെടുകയും തെറ്റു ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. എന്നോടു ക്ഷമിക്കണമേ. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ മരണം അങ്ങു വരിച്ചതിനു നന്ദി പറയുന്നു!