ഇംഗ്ലീഷ് കവി ഫ്രാന്‍സിസ് തോംസണ്‍ എഴുതിയ ‘ദി ഹോണ്ട് ഓഫ് ഹെവന്‍’ എന്ന പ്രസിദ്ധമായ കവിത ആരംഭിക്കുന്നത് ‘ഞാന്‍ അവനെ വിട്ട് ഓടി, രാത്രികളിലും പകലുകളിലും ഓടിയകന്നു” എന്നീ വരികളിലൂടെയാണ്. ദൈവത്തില്‍നിന്ന് ഒളിച്ചിരിക്കാനോ ഒളിച്ചോടാനോ ഉള്ള തന്റെ പരിശ്രമത്തിന്റെ നടുവിലും, യേശു വിടാതെ പിന്തുടര്‍ന്നതിനെക്കുറിച്ചു തോംസണ്‍ വിവരിക്കുന്നു. കവി ഉപസംഹരിക്കുന്നു, ”അങ്ങ് അന്വേഷിക്കുന്നവന്‍ ഞാനാണ്!”
ദൈവത്തിന്റെ പിന്തുടരുന്ന ഈ സ്‌നേഹമാണ് യോനായുടെ പുസ്തകത്തിന്റെ കേന്ദ്രവിഷയം. നീനെവേയിലെ ജനങ്ങളോടു (യിസ്രായേലിന്റെ ശത്രുക്കള്‍) ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയാനുള്ള ഒരു ദൈവികനിയോഗം പ്രവാചകനു ലഭിച്ചു. എങ്കിലും നിനെവേയിലേക്കു പോകുന്നതിനു പകരം, ”യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്ക് ഓടിപ്പോയി” (യോനാ 1:3). നീനെവേയുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഒരു കപ്പലില്‍ യാത്രചെയ്യാന്‍ അവന്‍ ഒരു സീറ്റ് കരസ്ഥമാക്കി. പക്ഷേ കപ്പല്‍ അക്രമാസക്തമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടു. കപ്പലിലെ ജോലിക്കാരെ രക്ഷിക്കാനായി, അവര്‍ യോനായെ കടലിലേക്ക് എറിയുകയും അവനെ ഒരു വലിയ മത്സ്യം വിഴുങ്ങുകയും ചെയ്തു (1:15-17).
ദൈവത്തില്‍ നിന്ന് ഒളിച്ചോടാന്‍ എത്ര ശ്രമിച്ചിട്ടും ദൈവം തന്നെ പിന്തുടര്‍ന്നുവെന്നു യോനാ തന്റെ മനോഹരമായ കവിതയില്‍ വിശദീകരിച്ചു. യോനാ തന്റെ അവസ്ഥയില്‍ തളര്‍ന്നു. ആ അവസ്ഥയില്‍നിന്നു രക്ഷപ്പെടേണ്ടുന്ന ആവശ്യം വന്നു. അപ്പോള്‍ യോനാ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു നിലവിളിക്കുകയും അവിടുത്തെ സ്‌നേഹത്തിലേക്കു തിരിയുകയും ചെയ്തു (2:2, 8). ദൈവം ഉത്തരം നല്‍കി, യോനായ്ക്കു മാത്രമല്ല, അശ്ശൂര്യരായ ശത്രുക്കള്‍ക്കും രക്ഷ നല്‍കി (3:10).
രണ്ടു കവിതകളിലും വിവരിച്ചിരിക്കുന്നതുപോലെ, നാം ദൈവത്തില്‍നിന്ന് ഓടാന്‍ ശ്രമിക്കുന്ന സമയങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാം. അപ്പോഴും യേശു നമ്മെ സ്‌നേഹിക്കുകയും യേശുവുമായുള്ള പുനഃസ്ഥാപിതബന്ധത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു (1 യോഹന്നാന്‍ 1:9).
എപ്പോഴാണു നിങ്ങള്‍ ദൈവത്തില്‍നിന്ന് ഓടാന്‍ ശ്രമിച്ചിട്ടുള്ളത്? യേശു എങ്ങനെയാണു നിങ്ങളെ രക്ഷിച്ചത്?
യേശുവേ, രക്ഷ വാഗ്ദാനം ചെയ്യുന്നതിനായി എന്നെ സ്നേഹപൂര്‍വ്വം പിന്തുടര്ന്നതിനു നന്ദി.