അവള് കപ്പ് കേക്കുകളുടെ പ്ലാസ്റ്റിക് പാത്രം കണ്‍വെയര്‍ ബെല്‍റ്റിലേക്കു വെച്ചു കാഷ്യറിന്റെ അടുത്തേക്ക് അയച്ചു. അടുത്തതായി ജന്മദിന കാര്‍ഡും ചിപ്സിന്റെ വിവിധ പായ്ക്കറ്റുകളും വന്നു. അവളുടെ മുടിക്കെട്ടില്‍നിന്നഴിഞ്ഞ കുറച്ചു മുടി ക്ഷീണിച്ച നെറ്റിക്ക് അലങ്കാരമായി ചിതറിക്കിടന്നു. അവളുടെ കുട്ടിയെ അവള് ശ്രദ്ധിച്ചു. ക്ലാര്‍ക്ക് തുക പറഞ്ഞപ്പോള്‍, അവളുടെ മുഖം മങ്ങി. “ഓ, എനിക്ക് എന്തെങ്കിലും തിരികെ വയ്ക്കേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ അവ ഇവളുടെ പാര്‍ട്ടിക്കുള്ളതാണ്,” അവള് നെടുവീര്‍പ്പിട്ടു, ഖേദപൂര്‍വ്വം മകളെ നോക്കി.
അവളുടെ പിന്നില്‍ നിന്നിരുന്ന മറ്റൊരു കസ്റ്റമര്‍ ഈ അമ്മയുടെ വേദന തിരിച്ചറിഞ്ഞു. ബെഥാന്യയിലെ മറിയയോടുള്ള യേശുവിന്റെ വാക്കുകളില്‍ ഈ രംഗം സുപരിചിതമാണ്: ‘അവള് തന്നാലാവതു ചെയ്തു’ (മര്‍ക്കൊസ് 14:8). യേശുവിന്റെ മരണത്തിനും അടക്കത്തിനുംമുമ്പ്, വിലയേറിയ തൈലംകൊണ്ട് മറിയ യേശുവിനെ അഭിഷേകം ചെയ്തപ്പോള്‍ ശിഷ്യന്മാര് പരിഹസിച്ചു. എന്നാല്‍ അവള് ചെയ്തതിനെ ആഘോഷിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ തിരുത്തി. “തനിക്കു കഴിയുന്നതെല്ലാം അവള് ചെയ്തു” എന്ന് യേശു പറഞ്ഞില്ല. മറിച്ച് “അവള്‍ക്കു കഴിയുന്നതെന്തോ അത് അവള് ചെയ്തു” എന്നാണ് യേശു പറഞ്ഞത്. സുഗന്ധദ്രവ്യത്തിന്റെ വലിയ വില ആയിരുന്നില്ല യേശു സൂചിപ്പിച്ചത്. ആ പ്രവൃത്തിയില്‍ മറിയ പ്രകടിപ്പിച്ച സ്നേഹമായിരുന്നു യേശു ശ്രദ്ധിച്ചത്.യേശുവുമായുള്ള ബന്ധം ഒരു പ്രതികരണത്തിനു കാരണമാകുന്നു.
ആ നിമിഷം, അമ്മ എതിര്‍ക്കുന്നതിനുമുമ്പ്, രണ്ടാമത്തെ കസ്റ്റമര്‍ മുന്നോട്ടു ചാഞ്ഞ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് റീഡറിലേക്കു തിരുകി, സാധനങ്ങളുടെ പണം നല്കി. അതൊരു വലിയ തുകയായിരുന്നില്ല, അവര്‍ക്ക് ആ മാസം അധിക ഫണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ അമ്മയെ സംബന്ധിച്ചിടത്തോളം അത് എല്ലാം ആയിരുന്നു. അവളുടെ അത്യാവശ്യ സമയത്ത് നിര്‍മ്മലമായ സ്നേഹത്തിന്റെ ഒരു പ്രവൃത്തി വെളിപ്പെട്ടു.
ഏതൊക്കെ അപ്രതീക്ഷിതമായ വഴികളിലൂടെയാണ് യേശു നിങ്ങളെ സഹായിച്ചിട്ടുള്ളത്? ഇന്നു നിങ്ങള്‍ കാണുന്ന ഒരു ആവശ്യത്തിനു സഹായിച്ചുകൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ - എല്ലാം അല്ല, എന്ത് - യേശുവിനെ തിരിച്ചു സ്നേഹിക്കാന്‍ കഴിയും?
പിതാവേ, ഇന്ന് എനിക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്യാന്‍ അങ്ങ് എന്നെ ക്ഷണിക്കുന്നതു കാണാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ.