പാപ്പുവ ന്യൂ ഗ്വിനിയയില്‍, തദ്ദേശീയ ഭാഷയില്‍ അച്ചടിച്ച പുതിയനിയമം വരുന്നത്, കണ്ടാസ് ഗോത്രക്കാര്‍ ആവേശത്തോടെ കാത്തിരുന്നു. എന്നിരുന്നാലും, പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ക്കു ഗ്രാമത്തിലെത്താന്‍ സമുദ്രത്തിലൂടെ ചെറിയ ബോട്ടുകളില്‍ സഞ്ചരിക്കേണ്ടിയിരുന്നു.

വലിയ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്താണ്? തീര്‍ച്ചയായും അവരുടെ കടല്‍യാത്രാ നൈപുണ്യമാണ്. എന്നാല്‍ ആരാണു സമുദ്രങ്ങളെ സൃഷ്ടിച്ചതെന്നും അവര്‍ക്കറിയാമായിരുന്നു. നമ്മുടെ ജീവിതത്തിലെ അലയടിക്കുന്ന തിരമാലകളുടെമീതെയും ആഴമേറിയ വെള്ളത്തിലും നമ്മെ ഓരോരുത്തരെയും നയിക്കുന്നതും അവിടുന്നാണ്.

ദാവീദ് എഴുതിയതുപോലെ, “നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?’’ (സങ്കീര്‍ത്തനം 139:7). “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട് … ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും” (വാ. 8-10).

“അവസാനത്തെ അജ്ഞാതം” എന്നു വിളിക്കപ്പെടുന്ന ഉഷ്ണമേഖലാതീരങ്ങളും ഇടതൂര്‍ന്ന മഴക്കാടുകളും പരുക്കന്‍ പര്‍വതങ്ങളും ഉള്ള ദ്വീപു രാഷ്ട്രത്തില്‍ വസിക്കുന്ന കണ്ടാസ് ഗോത്രക്കാരെ സംബന്ധിച്ച് ഈ വാക്കുകള്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നവയാണ്. എന്നിട്ടും അവിടെയും എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് അറിയാവുന്നതുപോലെ, ഒരു സ്ഥലമോ പ്രശ്‌നമോ ദൈവത്തിനു വിദൂരമല്ല. സങ്കീര്‍ത്തനം 139:12 പറയുന്നു: “ഇരുട്ടുപോലും നിനക്കു മറവായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നേ.’’

അതിനാല്‍, ഇളകിമറിയുന്ന വെള്ളത്തോടു നമ്മുടെ ദൈവം സംസാരിക്കുന്നു, “അനങ്ങാതിരിക്കുക, അടങ്ങുക!’’ തിരമാലകളും കാറ്റും അവിടുത്തെ അനുസരിക്കുന്നു (മര്‍ക്കൊസ് 4:39). അതിനാല്‍, ഇന്നു ജീവിതത്തിലുണ്ടാകുന്ന പ്രക്ഷുബ്ധമായ വെള്ളത്തെ ഭയപ്പെടരുത്. നമ്മുടെ ദൈവം നമ്മെ സുരക്ഷിതമായി കരയിലേക്കു നയിക്കുന്നു.