ഏതാണ്ട് പതിനെട്ടു വയസ്സുള്ള കാഡെന്‍, ഒരു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ താന്‍ ഏറ്റവും ആഗ്രഹിച്ച കോളേജില്‍ ചേര്‍ന്നു പഠിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഹൈസ്‌കൂളില്‍ വെച്ച് അവന്‍ ഒരു ക്യാമ്പസ് ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. തന്റെ പാര്‍ട്ട് ടൈം ജോലിയില്‍നിന്നു ലഭിച്ച പണം കാഡെന്‍ സൂക്ഷിച്ചിരുന്നു, കൂടാതെ ഒരു പുതിയ ജോലിക്കുള്ള ക്രമീകരണം ചെയ്യുകയും ചെയ്തിരുന്നു. ചില മികച്ച ലക്ഷ്യങ്ങള്‍ അവനുണ്ടായിരുന്നു, എല്ലാം കൃത്യമായി അതിന്റെ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു.

അപ്പോഴാണ് 2020 ലെ വസന്തകാലത്ത് സംഭവിച്ച ഒരു ആഗോള ആരോഗ്യപ്രതിസന്ധി എല്ലാറ്റിനെയും തകിടം മറിച്ചത്.

തന്റെ ആദ്യ സെമസ്റ്റര്‍ ഓണ്‍ലൈനിലായിരിക്കുമെന്ന് സ്‌കൂള്‍ കാഡനെ അറിയിച്ചു. കാമ്പസ് മിനിസ്ട്രി മാറ്റിവയ്‌ക്കേണ്ടിവന്നു. ബിസിനസ്സുകള്‍ പൂട്ടിപ്പോയതിനാല്‍, ജോലി സാധ്യത മങ്ങി. അങ്ങനെ നിരാശനായിരിക്കുമ്പോള്‍, അവന്റെ സുഹൃത്ത് ഒരു പ്രശസ്ത പ്രൊഫഷണല്‍ ബോക്‌സറുടെ വാക്കുകള്‍ ഉദ്ധരിച്ചു: ”അതെ, വായില്‍ ഇടി കിട്ടുന്നതുവരെ എല്ലാവര്‍ക്കും ഒരു പദ്ധതിയുണ്ട്.”

നമ്മുടെ പദ്ധതികളെയെല്ലാം നാം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, അവിടുന്നു നമ്മുടെ പദ്ധതികളെ ഉറപ്പിക്കുകയും തന്റെ ഹിതപ്രകാരം അവയെ നടപ്പാക്കുകയും ചെയ്യും എന്നു സദൃശവാക്യങ്ങള്‍ 16 നമ്മോടു പറയുന്നു (വാ. 3-4). എന്നിരുന്നാലും, യഥാര്‍ത്ഥ സമര്‍പ്പണം പ്രയാസകരമാണ്. അതിന്, ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള തുറന്ന ഹൃദയവും നമ്മുടെ ഗതിയെ സ്വതന്ത്രമായി പ്ലാന്‍ ചെയ്യുന്നതിനെ ചെറുക്കാനുള്ള സന്നദ്ധതയും വേണം (വാ. 9; 19:21).

ഫലവത്താകാത്ത സ്വപ്‌നങ്ങള്‍ നിരാശപ്പെടുത്തിയേക്കാം, പക്ഷേ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ കാഴ്ചപ്പാടിന് ഒരിക്കലും ദൈവത്തിന്റെ എല്ലാം അറിയുന്ന വഴികളുമായി മത്സരിക്കാനാവില്ല. നാം അവിടുത്തെ പദ്ധതികള്‍ക്കു വഴങ്ങുമ്പോള്‍, മുന്നോട്ടുള്ള വഴി കാണാത്തപ്പോഴും, അവിടുന്നു നമ്മുടെ ചുവടുകളെ സ്‌നേഹപൂര്‍വ്വം നയിക്കുന്നുവെന്നു നമുക്ക് ഉറപ്പിക്കാം (16:9).