കാര്‍ വാഷില്‍ എന്റെ മുമ്പിലുള്ളയാള്‍ ഒരു ദൗത്യത്തിലായിരുന്നു. അയാള്‍ തന്റെ പിക്കപ്പിന്റെ പുറകിലേക്കു കയറി കൊളുത്തു നീക്കം ചെയ്തു, ശക്തിയേറിയ റോളിങ് ബ്രഷുകളെ അവ തടസ്സപ്പെടുത്താതിരിക്കാനായിരുന്നു അത്. ജോലിക്കാരനു പണം നല്‍കിയ ശേഷം, ഓട്ടോമേറ്റഡ് ട്രാക്കിലേക്കു ട്രക്ക് ഡ്രൈവ് മോഡില്‍ ഓടിച്ചുകയറ്റി. ജോലിക്കാരന്‍ വിളിച്ചു കൂവി, “ന്യൂട്രല്‍! ന്യൂട്രല്‍!” എന്നാല്‍ ആ മനുഷ്യന്റെ ജനാലകള്‍ മുകളിലായിരുന്നു, അയാള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാലു സെക്കന്‍ഡിനുള്ളില്‍ അയാള്‍ കാര്‍ വാഷിലൂടെ കടന്നുപോയി, അയാളുടെ ട്രക്ക് നനഞ്ഞുപോലുമില്ല!

ഏലീയാവും ഒരു ദൗത്യത്തിലായിരുന്നു. വലിയ രീതിയില്‍ ദൈവത്തെ സേവിക്കുന്ന തിരക്കിലായിരുന്നു ഏലീയാവ്. അമാനുഷിക പ്രകടനത്തിലൂടെ ബാലിന്റെ പ്രവാചകന്മാരെ ഏലീയാവ് പരാജയപ്പെടുത്തി, അത് ഏലീയാവിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു (1 രാജാക്കന്മാര്‍ 18:16-39 കാണുക). അവന്‍ ന്യൂട്രലില്‍ സമയം ചിലവഴിക്കേണ്ടതാവശ്യമായിരുന്നു. ദൈവം ഏലീയാവിനെ ഹോരേബുപര്‍വ്വതത്തിലേക്കു കൊണ്ടുവന്നു. അവിടെ വളരെ മുമ്പുതന്നെ ദൈവം മോശെയ്ക്കു പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ദൈവം പര്‍വ്വതത്തെ വിറപ്പിച്ചു. പക്ഷേ, പാറകളെ തകര്‍ക്കുന്ന കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ ദൈവം ഉണ്ടായിരുന്നില്ല. പകരം, ദൈവം ശാന്തമായ ഒരു ശബ്ദത്തില്‍ ഏലീയാവിന്റെ അടുക്കല്‍ വന്നു. “ഏലീയാവ് അതു കേട്ടിട്ട് തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്ന് ഗുഹാമുഖത്തുനിന്നു” (1 രാജാക്കന്മാര്‍ 19:13).

നിങ്ങളും ഞാനും ഒരു ദൗത്യത്തിലാണ്. നമ്മുടെ രക്ഷകനുവേണ്ടി വലിയ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി നാം നമ്മുടെ ജീവിതം നയിക്കുന്നു. എന്നാല്‍ നാം ഒരിക്കലും ന്യൂട്രലിലേക്കു മാറുന്നില്ലെങ്കില്‍, നാം ജീവിതത്തിലൂടെ തെന്നിപ്പോകുകയും ദൈവത്തിന്റെ ആത്മാവിന്റെ വര്‍ഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ദൈവം മന്ത്രിക്കുന്നു, ‘മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍ക’ (സങ്കീര്‍ത്തനം 46:10). “ന്യൂട്രല്‍! ന്യൂട്രല്‍!”