നാലു ചാപ്ലെയ്നുകളെ ‘വീരന്മാര്’ എന്നു വിളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, 1943 ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാത്രിയില്‍, അവരുടെ യാത്രക്കപ്പലായ എസ്എസ് ഡോര്‍ഷെസ്റ്ററിനു ഗ്രീന്‍ലാന്‍ഡ് തീരത്തുവെച്ചു റ്റോര്‍പ്പിഡോ ഏറ്റപ്പോള്‍, പരിഭ്രാന്തരായ നൂറുകണക്കിനു സൈനികരെ ശാന്തരാക്കാന്‍ ഈ നാലുപേരും തയ്യാറായി. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്നു പരിക്കേറ്റ ആളുകള്‍ തിങ്ങിനിറഞ്ഞ ലൈഫ് ബോട്ടുകളിലേക്കു ചാടിക്കൊണ്ടിരുന്നപ്പോള്‍, ഈ നാലു ചാപ്ലെയിനുകളും ‘ധൈര്യം പ്രസംഗിച്ചുകൊണ്ട്’ ബഹളത്തെ ശാന്തമാക്കിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.
ലൈഫ് ജാക്കറ്റുകള്‍ തീര്‍ന്നപ്പോള്‍, അവര്‍ ഓരോരുത്തരും തങ്ങളുടെ ജാക്കറ്റുകള്‍ അഴിച്ചെടുത്ത് പേടിച്ചരണ്ട ഓരോ ചെറുപ്പക്കാരനു നല്കി. മറ്റുള്ളവര്‍ ജീവിക്കേണ്ടതിന്, കപ്പലിനോടൊപ്പം മുങ്ങാന്‍ അവര്‍ തീരുമാനിച്ചു. അതിജീവിച്ച ഒരാള്‍ പറഞ്ഞു, “ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ഈ ഒരു വശം ആയിരുന്നു അത്.’’
കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍, കരങ്ങള്‍ കോര്‍ത്തുപിടിച്ച് ചാപ്ലെയിനുകള്‍ ഒരുമിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു, തങ്ങളോടൊപ്പം മരിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്കി.
ധൈര്യമായിരുന്നു അവരുടെ കഥയുടെ അടയാളം. എന്നിരുന്നാലും, നാലുപേരും നല്കിയ സമ്മാനത്തെ സ്നേഹം നിര്‍വചിക്കുന്നു. കൊരിന്തിലെ ആടിയുലയുന്ന സഭയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിശ്വാസികളോടും അത്തരം സ്നേഹം പ്രകടമാക്കാന്‍ പൗലൊസ് അഭ്യര്‍ത്ഥിച്ചു. കലഹവും അഴിമതിയും പാപവും ഉയര്‍ന്നു നില്ക്കുമ്പോള് “ഉണര്‍ന്നിരിക്കുവിന്‍; വിശ്വാസത്തില്‍ നിലനില്ക്കുവിന്; പുരുഷത്വം കാണിക്കുവിന്‍; ശക്തിപ്പെടുവിന്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹത്തില്‍ ചെയ്യുവിന്‍” (1 കൊരിന്ത്യര്‍ 16:13-14) എന്നു പൗലൊസ് അവരെ ആഹ്വാനം ചെയ്തു.
യേശുവിലുള്ള ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇത് ഒരു കല്പനയാണ്. ജീവിതത്തില്‍, പ്രക്ഷുബ്ധത ഭീഷണി മുഴക്കുമ്പോള്‍, നമ്മുടെ ധീരമായ പ്രതികരണം, – മറ്റുള്ളവര്‍ക്ക് അവിടുത്തെ സ്നേഹം നല്‍കുന്നതിലൂടെ – ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു.
എന്തുകൊണ്ടാണ് നിസ്വാര്‍ത്ഥമായ സ്നേഹം യേശുവിനെ പ്രതിഫലിപ്പിക്കുന്നത്? പ്രക്ഷുബ്ധമായ ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ അവിടുത്തെ സ്നേഹം എങ്ങനെയാണു സ്വാധീനിക്കുക?
യേശുവേ, എനിക്കു ധൈര്യം തോന്നാത്തപ്പോള്‍, - അതു പലപ്പോഴും സംഭവിക്കുന്നു - ധീരതയോടെ സ്നേഹം വാഗ്ദാനം ചെയ്യുന്നതിനുള്ള ധൈര്യം എന്നില്‍ വര്‍ദ്ധിപ്പിക്കണമേ!