ഒരുപക്ഷേ, അവളായിരിക്കാം ചരിത്രത്തിലെ ഏറ്റവും വലിയ ‘ബലിയാട്.’ അവളുടെ പേര് ഡെയ്‌സി എന്നോ, മാഡലിന്‍ എന്നോ, ഗ്വെന്‍ഡോളിന്‍ എന്നോ (ഇങ്ങനെ പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്) ആയിരിക്കാം, നമുക്കറിയില്ല. പക്ഷേ 1871 ല്‍, ചിക്കാഗോയിലെ മൂന്നിലൊന്നു ജനങ്ങളെ ഭവനരഹിതരാക്കിയ വന്‍ അഗ്നിബാധയ്ക്കു കാരണക്കാരിയെന്നു മുദ്രകുത്തപ്പെട്ടത് മിസ്സിസ് ഓ’ ലിയറിയുടെ ഈ പശുവായിരുന്നു. ഇതു നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊരാളെ വീതം ഭവനരഹിതനാക്കി. ശക്തമായ കാറ്റില്‍ മരവീടുകളിലൂടെ ആളിപ്പടര്‍ന്ന തീ, മൂന്നു ദിവസം അണയാതെ കത്തുകയും മുന്നൂറോളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു.

ഒരു ഷെഡില്‍ കത്തിനിന്ന വിളക്ക് പശു തട്ടിമറിച്ചപ്പോഴാണു തീ പടര്‍ന്നതെന്ന്, വര്‍ഷങ്ങളോളം പലരും വിശ്വസിച്ചു. കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന്, 126 വര്‍ഷത്തിനുശേഷം, നഗരത്തിലെ പോലീസും അഗ്നിശമന സേനയും പശുവിനെയും അതിന്റെ ഉടമസ്ഥരെയും കുറ്റവിമുക്തരാക്കുന്ന തീരുമാനം പാസ്സാക്കുകയും ഇക്കാര്യത്തില്‍ ഒരു അയല്‍വാസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

നീതി ലഭിക്കാന്‍ പലപ്പോഴും കാലതാമസം നേരിടുന്നു. അത് എത്രത്തോളം പ്രയാസകരമാണെന്നു തിരുവെഴുത്തും അംഗീകരിക്കുന്നു. ‘എത്രത്തോളം?’ എന്ന ചോദ്യം 13-ാം സങ്കീര്‍ത്തനത്തില്‍ നാലുതവണ ആവര്‍ത്തിക്കുന്നു: ‘യഹോവേ, എത്രത്തോളം നീയെന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതെവണ്ണം മറയ്ക്കും? എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ച് എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?” (വാ.1-2). എന്നാല്‍ ഈ നിലവിളിയുടെ മദ്ധ്യത്തിലും, വിശ്വാസത്തിനും പ്രത്യാശയ്ക്കുമുള്ള കാരണം ദാവീദ് കണ്ടെത്തുന്നു: ‘ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും” (വാ. 5).

നീതി വൈകുമ്പോള്‍ പോലും, ദൈവത്തിന്റെ സ്‌നേഹം നമ്മെ ഒരിക്കലും കൈവിടുകയില്ല. ഈ നിമിഷത്തില്‍ മാത്രമല്ല, നിത്യതയോളം നമുക്കു ദൈവത്തില്‍ ആശ്രയിക്കാനും വിശ്രമിക്കാനും കഴിയും!