ശാരീരികവൈകല്യമുള്ള മുന്‍ സൈനികനായ ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം, ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളിയായിത്തീര്‍ന്നു അവ ചെയ്തുതീര്‍ക്കാന്‍ കൂടുതല്‍ സമയമെടുത്തു. വേദന കൂടി. എന്നിട്ടും ഭാര്യയെയും കുട്ടിയെയും ശുശ്രൂഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. എല്ലാ ആഴ്ചയും അദ്ദേഹം തന്റെ തോട്ടത്തില്‍ കഠിനാധ്വാനം ചെയ്യുന്നത് വഴിപോക്കര്‍ കാണാറുണ്ട്.

ഒരു ദിവസം, ക്രിസ്റ്റഫറിന് ഒരു അജ്ഞാതദാതാവില്‍ നിന്ന് ഒരു കത്തു ലഭിച്ചു; ഒപ്പം, തന്റെ തോട്ടം ജോലികളില്‍ സഹായമായി വിലയേറിയ ഒരു യന്ത്രവും. ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിക്കാന്‍ ലഭിച്ച പദവിയിലൂടെയാണ് രഹസ്യദാതാവിനു സംതൃപ്തി ലഭിച്ചത്.

നമ്മുടെ ദാനമെല്ലാം രഹസ്യമായിരിക്കണം എന്ന് യേശു പറയുന്നില്ല. എന്നാല്‍ നാം നല്‍കുന്നതിന്റെ പിന്നിലെ നമ്മുടെ ഉദ്ദേശ്യങ്ങള്‍ പരിശോധിക്കാന്‍ അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു (മത്തായി 6:1). യേശു പറഞ്ഞു: “ഭിക്ഷ കൊടുക്കുമ്പോള്‍, മനുഷ്യരാല്‍ മാനം ലഭിക്കുവാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്’’ (വാ. 2). കൈതുറന്ന ദാതാക്കളായിരിക്കാന്‍ ദൈവം നമ്മെക്കുറിച്ചു പ്രതീക്ഷിക്കുമ്പോള്‍ത്തന്നെ, മറ്റുള്ളവരുടെ കൈയടിയും അംഗീകാരവും ലഭിക്കുന്നതിനായി ജനങ്ങളുടെ മുമ്പില്‍വെച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ അവിടുന്നു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. 

നമ്മുടെ പക്കലുള്ളതെല്ലാം ദൈവത്തില്‍നിന്നുള്ളതാണെന്നു നാം മനസ്സിലാക്കുമ്പോള്‍, നമ്മുടെ സ്വന്തം തോളില്‍ തട്ടുന്നതിനോ മറ്റുള്ളവരുടെ പ്രശംസ നേടുന്നതിനോ ആവശ്യമില്ലാത്ത രഹസ്യ ദാതാക്കളാകാന്‍ നമുക്കു കഴിയും. എല്ലാ നന്മകളുടെയും ഉറവിടമായ നമ്മുടെ സര്‍വ്വജ്ഞാനിയായ ദൈവം, തന്റെ ജനത്തിന്റെ നിഷ്‌കളങ്കമായ ഔദാര്യത്തില്‍ ആനന്ദിക്കുന്നു. അവിടുത്തെ അംഗീകാരമെന്ന പ്രതിഫലത്തെ കടത്തിവെട്ടുന്ന യാതൊന്നുമില്ല.