ആഫ്രിക്കന്‍ കോംഗോയിലെ ഇംഗ്ലിഷ് മിഷനറി ഡോക്ടറായിരുന്ന ഹെലന്‍ റോസ്‌വെയറിനെ, 1964 ലെ സിംബ കലാപസമയത്ത് കലാപകാരികള്‍ തടവുകാരിയാക്കി. അവര്‍ അവളെ നിര്‍ദ്ദയം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിനാല്‍ അവള്‍ ഭയങ്കരമായ കഷ്ടം അനുഭവിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ‘ഇതു മൂല്യമുള്ളതാണോ?’ എന്ന് അവള്‍ സ്വയം ചോദിക്കുമായിരുന്നു.

യേശുവിനെ അനുഗമിക്കുന്നതിന്റെ ചെലവ് അവള്‍ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍, ദൈവം തന്നോട് അതിനെക്കുറിച്ചു സംസാരിക്കുന്നതായി അവള്‍ക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചു, “കലാപസമയത്ത് ഭയാനകമായ നിമിഷങ്ങളില്‍ അതിനു വില കൊടുക്കാനാവില്ലെന്നു തോന്നിയപ്പോള്‍, കര്‍ത്താവ് എന്നോടു പറഞ്ഞു, ‘ചോദ്യം മാറ്റുക. ‘ഇതു മൂല്യമുള്ളതാണോ?’ എന്നല്ല, ‘ഞാന്‍ യോഗ്യയാണോ?’എന്നാണു ചോദിക്കേണ്ടത്.” അവള്‍ അനുഭവിച്ച വേദനകള്‍ക്കിടയിലും,’ എപ്പോഴും ഉത്തരം, അതെ, അവന്‍ യോഗ്യനാണ്’ ‘എന്നായിരുന്നു എന്നവള്‍ വിശദീകരിച്ചു.

അവളുടെ കഠിനമായ അഗ്‌നിപരീക്ഷയ്ക്കിടെ അവളുടെയുള്ളില്‍ പ്രവര്‍ത്തിച്ച ദൈവകൃപയിലൂടെ, എന്തുതന്നെ നേരിട്ടാലും, അവള്‍ക്കുവേണ്ടി മരണം പോലും അനുഭവിച്ച രക്ഷകന്‍  പിന്തുടരാന്‍ യോഗ്യനാണെന്ന് ഹെലന്‍ റോസ് വെയര്‍ തീരുമാനിച്ചു. ‘അവന്‍ യോഗ്യനാണ്’ എന്ന അവളുടെ വാക്കുകള്‍, വെളിപ്പാടിന്റെ പുസ്തകത്തില്‍ യേശുവിന്റെ സിംഹാസനത്തിനു ചുറ്റുമുള്ളവരുടെ ആര്‍പ്പിനെ പ്രതിധ്വനിക്കുന്നു: “അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവുംബഹുമാനവും മഹത്ത്വവും സ്‌തോത്രവും ലഭിക്കുവാന്‍ യോഗ്യന്‍ എന്ന് പറഞ്ഞു!” (5:12).

നാം നിത്യജീവനും പ്രത്യാശയും പ്രാപിക്കുന്നതിനായി നമ്മുടെ രക്ഷകന്‍ നമുക്കുവേണ്ടി കഷ്ടം അനുഭവിക്കുകയും രക്തം ചിന്തുകയും മരിക്കുകയും, തന്നെ പൂര്‍ണ്ണമായി നമുക്കു നല്‍കുകയും ചെയ്തു. നമ്മെ മൊത്തമായി അവിടുന്ന് അര്‍ഹിക്കുന്നു. അവിടുന്ന് യോഗ്യനാണ്!