2019 ല്‍, ഒരു പര്‍വ്വതാരോഹകന്‍ എവറസ്റ്റ് കൊടുമുടിയില്‍ നിന്നുകൊണ്ട് തന്റെ അവസാനത്തെ സൂര്യോദയം ദര്‍ശിച്ചു. അപകടകരമായ കയറ്റം അദ്ദേഹം കയറിയെങ്കിലും ഉയരത്തിലെ മര്‍ദ്ദം അദ്ദേഹത്തിന്റെ ഹൃദയത്തിനു താങ്ങാവുന്നതിലുമധികമായിരുന്നതിനാല്‍ ഇറങ്ങുന്നവേളയില്‍ അദ്ദേഹം മരിച്ചു. കൊടുമുടിയെ തങ്ങളുടെ യാത്രയുടെ അവസാനമായി കരുതരുതെന്ന് ഒരു മെഡിക്കല്‍ വിദഗ്ധന്‍ മലകയറ്റക്കാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. ‘തങ്ങള്‍ മരണമേഖലയിലാണുള്ളത്’ എന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ വേഗത്തില്‍ താഴേയ്ക്കിറങ്ങണം.

മുകളിലേക്കുള്ള അപകടകരമായ കയറ്റത്തെ ദാവീദ് അതിജീവിച്ചു. അവന്‍ സിംഹങ്ങളെയും കരടികളെയും കൊന്നു, ഗൊല്യാത്തിനെ കൊന്നു, ശൗലിന്റെ കുന്തത്തെയും പിന്തുടര്‍ന്ന സൈന്യത്തെയും ഒഴിഞ്ഞുപോയി, ഫെലിസ്ത്യരെയും അമ്മോന്യരെയും കീഴടക്കി പര്‍വതത്തിന്റെ രാജാവായി.

എന്നാല്‍ താന്‍ മരണമേഖലയിലാണെന്ന് ദാവീദ് മറന്നു. അവന്റെ വിജയത്തിന്റെ ഉച്ചകോടിയില്‍, ‘ചെന്നിടത്തൊക്കെയും യഹോവ അവനു ജയം നല്കിയ’ (2 ശമൂവേല്‍ 8:6) സമയത്ത്, അവന്‍ വ്യഭിചാരവും കൊലപാതകവും ചെയ്തു. അവന്റെ പ്രാരംഭ തെറ്റ്? അവന്‍ കൊടുമുടിയില്‍ താമസിച്ചു. അവന്റെ സൈന്യം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുറപ്പെട്ടപ്പോള്‍, അവന്‍ “യെരൂശലേമില്‍ തന്നെ താമസിച്ചു’’ (11:1). ദാവീദ് ഒരിക്കല്‍ ഗൊല്യാത്തിനെതിരെ പോരാടാന്‍ സന്നദ്ധനായി; ഇപ്പോള്‍ അവന്‍ തന്റെ വിജയങ്ങളുടെ അംഗീകാരങ്ങളില്‍ വിശ്രമിച്ചു.

നിങ്ങള്‍ പ്രത്യേകതയുള്ളവനാണെന്ന് ദൈവമടക്കം എല്ലാവരും പറയുമ്പോള്‍, തറയില്‍ നില്‍ക്കാന്‍ പ്രയാസമാണ് (7:11-16). പക്ഷേ നാമതു ചെയ്യണം. നാം ചില വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍, നാം ഈ നേട്ടങ്ങള്‍ ഉചിതമായി ആഘോഷിക്കുകയും അഭിനന്ദനങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം, പക്ഷേ നാം മുന്നോട്ടു പോകണം. ഞങ്ങള്‍ മരണമേഖലയിലാണ്. മലയിറങ്ങുക. നിങ്ങളുടെ ഹൃദയത്തെയും ചുവടുകളെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് താഴ്‌വരയിലുള്ള മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക.