1983 ല്‍ ഒരു പതിനാലുകാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു കൗമാരക്കാരെ അറസ്റ്റു ചെയ്തു. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ”അവന്റെ അത്‌ലറ്റിക് ജാക്കറ്റിന്റെ പേരിലാണ് അവനു വെടിയേറ്റത്.” ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൂന്നുപേരും മുപ്പത്തിയാറു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ്, അവര്‍ നിരപരാധികളാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്. മറ്റൊരാളായിരുന്നു കുറ്റം ചെയ്തത്. ജഡ്ജി അവരെ സ്വതന്ത്രരായി വിട്ടയയ്ക്കുന്നതിനു മുമ്പ് അവരോടു ക്ഷമാപണം നടത്തി.
നാം എത്ര ശ്രമിച്ചാലും (നമ്മുടെ ഉദ്യോഗസ്ഥര്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും), മനുഷ്യനീതി പലപ്പോഴും തെറ്റിപ്പോകാറുണ്ട്്. നമുക്ക് ഒരിക്കലും എല്ലാ വിവരങ്ങളും ലഭ്യമല്ല. ചിലപ്പോള്‍ സത്യസന്ധരല്ലാത്ത ആളുകള്‍ വസ്തുതകളെ വളച്ചൊടിക്കുന്നു. ചിലപ്പോള്‍ നാം തന്നെ തെറ്റിപ്പോകുന്നു. പലപ്പോഴും, തിന്മകള്‍ ശരിയാകുവാന്‍ വര്‍ഷങ്ങളെടുക്കും, ചിലപ്പോള്‍ നമ്മുടെ ജീവിതകാലത്തു തന്നെ അതു സംഭവിക്കണമെന്നില്ല. ചഞ്ചലരായ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി, ദൈവം സമ്പൂര്‍ണ്ണ നീതി നടപ്പാക്കുന്നു. ‘അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം” (ആവര്‍ത്തനം 32:4) എന്നു മോശെ പറയുന്നു. ദൈവം കാര്യങ്ങളെ ഉള്ളതുപോലെ തന്നേ കാണുന്നു. നാം കാര്യങ്ങളെ ഏറ്റവും മോശമായി ചെയ്തുകഴിയുമ്പോള്‍, ദൈവം തന്റെ സമയത്ത് അന്തിമവും ആത്യന്തികവുമായ നീതി ലഭ്യമാക്കും. സമയത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും, ‘വിശ്വസ്തതയുള്ള … വ്യാജമില്ലാത്തവനായ, നീതിയും നേരുമുള്ള” (വാ. 4) ദൈവത്തെ സേവിക്കുന്നതിനാല്‍ നമുക്ക് ഈ ഉറപ്പുണ്ട്.
എന്താണു ശരി, എന്താണു തെറ്റ് എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ നാം ചാഞ്ചാടിയേക്കാം. നമ്മോടോ നമ്മുടെ പ്രിയപ്പെട്ടവരോടോ ചെയ്ത അനീതി ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നു നാം ഭയപ്പെട്ടേക്കാം. എന്നാല്‍ നീതിമാനായ ദൈവം, ഈ ജീവിതത്തിലോ അടുത്തതിലോ, നമുക്കു നീതി നടത്തിത്തരുമെന്നു നമുക്കു ദൈവത്തില്‍ ആശ്രയിക്കാം.
നീതി ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായി പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നത് എവിടെയാണു നിങ്ങള്‍ കണ്ടത്? എവിടെയാണ് നീതിക്കുവേണ്ടി നിങ്ങളുടെ ഹൃദയം ദൈവത്തോടു നിലവിളിക്കുന്നത്?
ദൈവമേ, എനിക്കു ചുറ്റും - വാര്‍ത്തകളിലും എന്റെ ബന്ധങ്ങളിലും സോഷ്യല്‍ മീഡിയയിലും - ഞാന്‍ അനീതി കാണുന്നു. അങ്ങയിലും അങ്ങയുടെ നീതിപൂര്‍വ്വമായ വഴികളിലും എനിക്കു പ്രത്യാശവയ്ക്കാന്‍ കഴിയും എന്നതിനു ഞാന്‍ അങ്ങേയ്ക്കു നന്ദി പറയുന്നു!