എന്റെ മാതാപിതാക്കളുടെ പഴയ ഫോട്ടോ ആല്‍ബത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടിയുടെ ചിത്രമുണ്ട്. അവനു വൃത്താകൃതിയിലുള്ള മുഖവും നുണക്കുഴിയും നേരെയുള്ള മുടിയുമാണുള്ളത്. അവനു കാര്ട്ടൂണുകള് ഇഷ്ടമാണ്, ചില പഴങ്ങള്‍ വെറുപ്പാണ്, വിചിത്രമായ സംഗീതം ഇഷ്ടമാണ്. ആ ആല്‍ബത്തിനുള്ളില്‍ ഒരു കൗമാരക്കാരന്റെ ചിത്രമുണ്ട്. അവന്റെ മുഖം വൃത്താകൃതിയല്ല, നീണ്ടതാണ്; അവന്റെ തലമുടി ചുരുണ്ടതാണ്, നേരെയുള്ളതല്ല. അവനു നുണക്കുഴി ഇല്ല, ചില പഴങ്ങള്‍ ഇഷ്ടമാണ്, കാര്‍ട്ടൂണുകളേക്കാള്‍ സിനിമ കാണാനിഷ്ടപ്പെടുന്നു, ചിലതരം സംഗീതം ഇഷ്ടപ്പെടുന്നതായി ഒരിക്കലും സമ്മതിക്കില്ല! കൊച്ചുകുട്ടിയും കൗമാരക്കാരനും തമ്മില്‍ വലിയ സാമ്യമില്ല. ശാസ്ത്രം അനുസരിച്ച് അവരുടെ ചര്‍മ്മവും പല്ലുകളും രക്തവും അസ്ഥികളും തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍ അതു രണ്ടും ഞാനാണ്. ഈ വൈരുദ്ധ്യം തത്വചിന്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. ജീവിതത്തിലുടനീളം നാം മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ആരാണ് യഥാര്‍ത്ഥ നമ്മള്?
തിരുവെഴുത്ത് ഉത്തരം നല്കുന്നു. ദൈവം നമ്മെ ഗര്‍ഭപാത്രത്തില്‍ മെനയാന്‍ തുടങ്ങിയ നിമിഷം മുതല്‍ (സങ്കീര്‍ത്തനം 139:13-14), നമ്മുടെ അതുല്യമായ രൂപകല്പനയിലേക്കു നാം വളരുകയാണ്. ഒടുവില്‍ നാം എന്തായിത്തീരുമെന്നു നമുക്കു സങ്കല്പിക്കാന് കഴിയുകയില്ലെങ്കിലും, നാം ദൈവമക്കളാണെങ്കില്‍, ആത്യന്തികമായി നാം യേശുവിനെപ്പോലെയായിത്തീരുമെന്നു നമുക്കറിയാം (1 യോഹന്നാന് 3:2). അതായത്, നമ്മുടെ ശരീരം അവന്റെ പ്രകൃതത്തോടും നമ്മുടെ സ്വത്വം അവന്റെ സ്വഭാവത്തോടും അനുരൂപമായി മാറുകയും നമ്മുടെ എല്ലാ കഴിവുകളും തിളങ്ങുകയും നമ്മുടെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും ചെയ്യും.
യേശു മടങ്ങിവരുന്ന ദിവസം വരെ, ഈ ഭാവി സ്വത്വത്തിലേക്കു നാം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവന്റെ പ്രവൃത്തിയിലൂടെ, പടിപടിയായി, നമുക്ക് അവന്റെ സാദൃശ്യത്തെ കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയും (2 കൊരിന്ത്യര്‍ 3:18). നാം ആരായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാല്‍ നാം യേശുവിനെപ്പോലെയാകുമ്പോള് നാം നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തിനുടമകളായിത്തീരുന്നു.
നമ്മുടെ 'യഥാര്‍ത്ഥ സ്വത്വം' കണ്ടെത്താന്‍ പാട്ടുകളും സിനിമകളും നമ്മെ പ്രോത്സാഹിപ്പിക്കുമ്പോള്‍, അവയില്‍ ഇല്ലാതിരിക്കുന്നതെന്താണെന്നാണു നിങ്ങള്‍ കരുതുന്നത്? ഏതു മേഖലയിലാണ് ഇന്നു നിങ്ങള്‍ക്കു ക്രിസ്തുസാദൃശ്യത്തിലേക്ക് അടുക്കാനാകുക?
യേശുവേ, ഇന്നും എല്ലാ ദിവസവും എന്നെ കൂടുതല്‍ അങ്ങേയ്ക്കു സദൃശനാക്കണമേ!
ആത്മീയ വളര്‍ച്ചയെക്കുറിച്ചു കൂടുതലറിയാന്‍ ChristianUniverstiy.org/SF104 സന്ദര്‍ശിക്കുക.
