ഉത്കണ്ഠാകുലനായ ഒരു പൗരനില്‍ നിന്നു ടെലിഫോണിലൂടെ ഒരു അടിയന്തിര സന്ദേശം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍, റെയില്‍വേ ട്രാക്കുകള്‍ക്കരികിലൂടെ തന്റെ ടോര്‍ച്ചും തെളിച്ചുകൊണ്ട്, അന്വേഷണം ആരംഭിച്ചു. ഇരുമ്പു പാളത്തിനുസമീപം ഒരു വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതദ്ദേഹം കണ്ടു. ദൂരെനിന്നു ട്രെയിന്‍ വാഹനത്തിനടുത്തേക്കു പാഞ്ഞുവരുന്നത് സമീപത്തുള്ള ഒരു ക്യാമറ പകര്‍ത്തി. ‘ആ ട്രെയിന്‍ അതിവേഗത്തില്‍ വരികയായിരുന്നു,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു, ‘മണിക്കൂറില്‍ അമ്പതു മുതല്‍ എണ്‍പതു വരെ മൈല്‍ വേഗതയില്‍.’ ആലോചിച്ചു നില്‍ക്കാതെ, ക്ഷണനേരത്തിനുള്ളില്‍, കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന ഒരാളെ അദ്ദേഹം കാറില്‍ നിന്നു വലിച്ചിറക്കി. അടുത്തനിമിഷം ട്രെയിന്‍ കാറിനെ തട്ടിത്തെറിപ്പിച്ചു.
തിരുവെഴുത്തു ദൈവത്തെ രക്ഷിക്കുന്നവനായി വെളിപ്പെടുത്തുന്നു – പ്രത്യേകിച്ച്, എല്ലാം നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍. മിസ്രയീമില്‍ കുടുങ്ങി, കഠിനമായ അടിച്ചമര്‍ത്തലില്‍ തളര്‍ന്നുപോയ യിസ്രായേല്യര്‍, രക്ഷപ്പെടാനിനി സാധ്യതയില്ലെന്നു കരുതി. എന്നിരുന്നാലും, പുറപ്പാടുപുസ്തകത്തില്‍, ദൈവം അവര്‍ക്കു പ്രത്യാശയുടെ വാക്കുകള്‍ വാഗ്ദത്തം ചെയ്യുന്നു: ‘മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു’ ദൈവം പറഞ്ഞു. ‘ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു’ (3:7). ദൈവം കാണുക മാത്രമല്ല – പ്രവര്‍ത്തിക്കുകയും ചെയ്തു. ‘അവരെ … വിടുവിക്കുവാനും … ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു’ (വാ. 8). ദൈവം യിസ്രായേലിനെ അടിമത്തത്തില്‍ നിന്നു പുറപ്പെടുവിച്ചു. ഇതൊരു ദൈവികമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.
ദൈവം യിസ്രായേലിനെ രക്ഷിച്ചത്, ദൈവത്തിന്റെ ഹൃദയത്തെയും അവിടുത്തെ ശക്തിയെയും വെളിപ്പെടുത്തുന്നു. രക്ഷിക്കാന്‍ ദൈവം വന്നില്ലെങ്കില്‍ നാശത്തിലേക്കു പോകുമായിരുന്നവരെ അവിടുന്നു സഹായിക്കുന്നു. നമ്മുടെ സാഹചര്യം ഭയാനകമോ അസാധ്യമോ ആയിരുന്നാലും, നമുക്കു കണ്ണും ഹൃദയവും ഉയര്‍ത്തി രക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവനെ കാത്തിരിക്കാം.
എവിടെയാണ് എല്ലാം നഷ്ടപ്പെട്ടതായി നിങ്ങള്‍ക്കു തോന്നുന്നത്? എവിടെയാണു ദൈവത്തിന്റെ രക്ഷപ്പെടുത്തല്‍ നിങ്ങള്ക്കാവശ്യമായിരിക്കുന്നത്? ഈ പ്രയാസകരമായ സ്ഥാനത്ത് നിങ്ങള്‍ക്കെങ്ങനെ നിങ്ങളുടെ പ്രത്യാശ ദൈവത്തിങ്കലേക്കു തിരിക്കാന്‍ കഴിയും?
ദൈവമേ, ഞാന്‍ യഥാര്‍ത്ഥ കുഴപ്പത്തിലാണ്, അങ്ങെന്നെ സഹായിച്ചില്ലെങ്കില്‍, ഒരു നല്ല അന്ത്യം എനിക്കുണ്ടാകയില്ല. അങ്ങെന്നെ സഹായിക്കുമോ? അങ്ങെന്നെ രക്ഷിക്കുമോ?
വായിക്കുക: നമ്മുടെ വേദനയില്‍ ദൈവത്തെ കാണുക - DiscoverySeries.org/CB151.