എന്റെ സുഹൃത്ത് മാജ് ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍വെച്ചു ടാമിയെ കണ്ടുമുട്ടിയപ്പോള്‍, അവര്‍ക്കു തമ്മില്‍ പൊരുത്തമുള്ള ഒന്നുമില്ലെന്ന കാര്യം അവള് ശ്രദ്ധിച്ചു. എങ്കിലും മാജ്് അവളുമായി സൗഹൃദത്തിലാകുകയും തന്റെ പുതിയ സുഹൃത്തില്‍നിന്ന് വിലപ്പെട്ട ഒരു പാഠം പഠിക്കുകയും ചെയ്തു.
ടാമി മുമ്പൊരിക്കലും ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍ സംബന്ധിച്ചിട്ടില്ല, അതിനാല്‍ ക്ലാസ്സിലെ മറ്റു സ്ത്രീകള്‍ സംസാരിച്ച ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവള്‍ക്കു പ്രയാസമായിരുന്നു. അതായത്, ദൈവം അവരോടു സംസാരിച്ചു എന്ന കാര്യം – അവള് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്.
അവള് ദൈവത്തില്‍ നിന്നു കേള്‍ക്കാന്‍ അത്യധികം ആഗ്രഹിച്ചതിനാല്‍ അവള് ഒരു കാര്യം ചെയ്തു. പിന്നീടൊരിക്കല്‍ അവള് മാജിനോടു പറഞ്ഞു. ‘ഞാന്‍ ഒരു പഴയ മരക്കസേര നീക്കിയിട്ടു, എന്നിട്ടു ഞാന്‍ ബൈബിള്‍ പഠിക്കുമ്പോഴെല്ലാം അതില്‍ ഇരിക്കാന്‍ യേശുവിനോട് ആവശ്യപ്പെടുന്നു.’ ഒരു വാക്യം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം അവള് ചോക്കുകൊണ്ട് അതു കസേരയില്‍ എഴുതുന്നു, ടാമി വിശദീകരിച്ചു. ഇത് അവളുടെ പ്രത്യേക ‘യേശു കസേര’ ആയിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല ബൈബിളില്‍നിന്ന് അവള്‍ക്കു നേരിട്ടു ലഭിക്കുന്ന ദൈവിക സന്ദേശങ്ങള്‍ അവളതില്‍ എഴുതുകയും ചെയ്യുന്നു.
മാജ് പറയുന്നു, ‘യേശു കസേര ടാമിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അവള് ആത്മീയമായി വളരുകയാണ്, കാരണം തിരുവെഴുത്ത് അവള്‍ക്കു വ്യക്തിപരമായിത്തീരുന്നു.”
യെഹൂദ വിശ്വാസികളോടു സംസാരിക്കുമ്പോള്‍ യേശു പറഞ്ഞു, ‘എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” (യോഹന്നാന് 8:31-32). നമുക്ക് അവിടുത്തെ വചനങ്ങള്‍ മുറുകെപ്പിടിക്കാം – അത് ഒരു കസേരയില്‍ എഴുതിക്കൊണ്ടായാലും, മനഃപാഠമാക്കിക്കൊണ്ടായാലും അല്ലെങ്കില്‍ അവ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടായാലും. ക്രിസ്തുവിന്റെ സന്ദേശങ്ങളുടെ സത്യവും ജ്ഞാനവും ക്രിസ്തുവില്‍ വളരുവാന്‍ നമ്മെ സഹായിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും.
ബൈബിളില്‍ കാണുന്ന ജ്ഞാനം, കൂടുതല്‍ പതിവായി സ്വീകരിക്കുന്നതിനു നിങ്ങള്‍ക്കു പ്രായോഗികമായി എന്തുചെയ്യാന്‍ കഴിയും? തിരുവെഴുത്തു മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവു നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്?
ദൈവമേ, ബൈബിളില്‍ അങ്ങു ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ജ്ഞാനത്തിലൂടെ അങ്ങയുമായി കൂടുതല്‍ കൂടുതല്‍ ബന്ധപ്പെടാന്‍ എന്നെ സഹായിക്കണമേ! എന്നിട്ട്, കൂടുതല്‍ കൂടുതല്‍ യേശുതുല്യനായി വളരുന്നതിന് എന്നെ സഹായിക്കാനായി, ഞാന്‍ പഠിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാക്കാനും എന്നെ സഹായിക്കണമേ!