ഠക്ക്! ഞാന്‍ തലപൊക്കി ശബ്ദത്തിനു നേരെ ചെവിവട്ടം പിടിച്ചു. ജനാലച്ചില്ലില്‍ ഒരു പാടു കണ്ടിട്ട്, ഞാന്‍ പുറത്തേക്ക് എത്തിനോക്കി. ചലനം നിലയ്ക്കാത്ത ഒരു പക്ഷിയുടെ ശരീരം ഞാന്‍ കണ്ടെത്തി. എന്റെ ഹൃദയം വേദനിച്ചു. ദുര്‍ബലമായ തൂവലുകള്‍ ഉള്ള ആ ജീവിയെ സഹായിക്കാന്‍ ഞാന്‍ കൊതിച്ചു.

വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയശേഷം, തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നതിനായി, കുരുവികളെക്കുറിച്ചുപോലുമുള്ള തന്റെ പിതാവിന്റെ കരുതലിനെക്കുറിച്ചു മത്തായി 10 ല്‍ യേശു വിവരിച്ചു. ‘അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു; അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കുവാനും അവര്‍ക്ക് അധികാരം കൊടുത്തു” (വാ. 1). അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം ശിഷ്യന്മാര്‍ക്കു ഗംഭീരമായി തോന്നാമെങ്കിലും, ഭരണാധികാരികളും അവരുടെ സ്വന്ത കുടുംബവും ദുഷ്ടശക്തികളും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ അവര്‍ നേരിടേണ്ടിവരും (വാ. 16-28).

തുടര്‍ന്ന്, 10:29-31 ല്‍, അവര്‍ നേരിടാനിരിക്കുന്നവയെ ഭയപ്പെടരുതെന്ന് യേശു അവരോടു പറഞ്ഞു. കാരണം അവര്‍ ഒരിക്കലും പിതാവിന്റെ കരുതലില്‍ നിന്നു പുറത്തുപോകുന്നില്ല. ‘കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല …. ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.”

ഞാന്‍ ദിവസം മുഴുവനും പക്ഷിയെ പരിശോധിച്ചു, ഓരോ തവണയും അതിനു ജീവനുള്ളതായി കണ്ടു, പക്ഷേ അതനങ്ങുന്നില്ലായിരുന്നു. പിന്നെ, നേരം വൈകിയപ്പോള്‍ അതിനെ കാണാനില്ലായിരുന്നു. അതു ജീവനോടിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും, ആ പക്ഷിയെക്കുറിച്ചു ഞാന്‍ ഇത്രയധികം കരുതലുള്ളവളായിരുന്നുവെങ്കില്‍, ദൈവം എത്രയധികം കരുതലുള്ളവനായിരിക്കും! അവിടുന്ന് നിങ്ങളെയും എന്നെയും എത്രമാത്രം കരുതുന്നുവെന്ന് സങ്കല്‍പ്പിക്കുക!