പ്രായമായ തന്റെ പിതാവിനായി ഓബ്രി ഒരു കമ്പിളിക്കോട്ടു വാങ്ങിയെങ്കിലും, അതു ധരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന്, അവള് ഒരു പ്രോത്സാഹനക്കുറിപ്പും 20 ഡോളറിന്റെ നോട്ടും പോക്കറ്റില്‍ ഇട്ട് ജാക്കറ്റ് ജീവകാരുണ്യത്തിനായി നല്കി.
തൊണ്ണൂറു മൈല്‍ അകലെ, കുടുംബത്തിലെ ഛിദ്രം സഹിക്കവയ്യാതെ, പത്തൊന്‍പതുകാരനായ കെല്ലി തന്റെ കോട്ടുപോലും എടുക്കാതെ വീടു വിട്ടു. തനിക്കു പോകാന്‍ കഴിയുന്ന ഒരിടത്തെക്കുറിച്ചു മാത്രമേ അവനറിയുമായിരുന്നുള്ളു- അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മുത്തശ്ശിയുടെ വീട്. മണിക്കൂറുകള്‍ക്കു ശേഷം അവന് ബസ്സിറങ്ങി മുത്തശ്ശിയുടെ കരവലയത്തിലമര്‍ന്നു. ശീതക്കാറ്റില്‍ നിന്ന് അവനെ രക്ഷിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു, ”നിനക്കുവേണ്ടി നമുക്കൊരു കോട്ടു വാങ്ങണം!” മിഷന് സ്റ്റോറില്‍, കെല്ലി തനിക്കിഷ്ടപ്പെട്ട ഒരു കോട്ടു കണ്ടെത്തി. കൈകള്‍ പോക്കറ്റിലേക്കു താഴ്ത്തിയപ്പോള്‍ ഒരു കവര്‍ കൈയില്‍ തടഞ്ഞു – അതില്‍ 20 ഡോളറും ഓബ്രിയുടെ കുറിപ്പും.
യാക്കോബ് തന്റെ ജീവനെ ഭയന്ന്, ഛിദ്രിച്ച കുടുംബത്തില്‍നിന്ന് ഓടിപ്പോയി (ഉല്പത്തി 27:41-45). രാത്രിയില്‍ അവന് ഒരിടത്തു വിശ്രമിച്ചപ്പോള്‍, ദൈവം സ്വപ്നത്തില്‍ യാക്കോബിനു സ്വയം വെളിപ്പെടുത്തി. ‘ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്്; നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും” എന്നു ദൈവം അവനോടു പറഞ്ഞു (28:15). യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു, ”ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിക്കുവാന്‍ ആഹാരവും ധരിക്കുവാന്‍ വസ്ത്രവും എനിക്കു തരികയും … ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും’ (വാ. 20-21).
യാക്കോബ് ഒരു പരുക്കന്‍ യാഗപീഠം ഉണ്ടാക്കി, ആ സ്ഥലത്തിന് ‘ദൈവത്തിന്റെ ഭവനം’ എന്നു പേരിട്ടു (വാ. 22). ഓബ്രിയുടെ കുറിപ്പും ആ 20 ഡോളറും താന്‍ പോകുന്നിടത്തെല്ലാം കെല്ലി കൊണ്ടുപോകുന്നു. നാം എവിടേക്ക് ഓടിയാലും അവിടെ ദൈവം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അവ രണ്ടും.
നിങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മാനസികമായി 'ഓടേണ്ടിവരുമ്പോള്‍' നിങ്ങള്‍ എവിടേക്കോടും? അല്ലെങ്കില്‍ ആരിലേക്കു തിരിയും? നിങ്ങളുടെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ സ്വയം ഓര്‍മ്മപ്പെടുത്താനാകും?
പിതാവേ, എനിക്ക് എപ്പോഴും ഓടിയണയാന്‍ കഴിയുന്നവനാണ് അങ്ങ്. ആദ്യം തന്നെ അങ്ങയിലേക്കു തിരിയാന്‍ എന്നെ സഹായിക്കണമേ!
DiscoverySeries.org/Q0308 ല്‍ വായിക്കുക: ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കുക.