കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി, ഞാനൊരിക്കല്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചു. പങ്കെടുത്തവരില്‍, തങ്ങളുടെ വന്ധ്യതയില്‍ ഹൃദയം തകര്‍ന്നിരുന്ന പലരും, തങ്ങളുടെ ഭാവിയെക്കുറിച്ച് നിരാശിതരായിരുന്നു. മക്കളില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചിരുന്ന ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. ‘മാതാപിതാക്കളാകാതെ തന്നെ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഒരു വ്യക്തിത്വം നേടാന്‍ കഴിയും,’ ഞാന്‍ പറഞ്ഞു. ‘നിങ്ങള്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്ന പുതിയ ഉദ്ദേശ്യമുണ്ട്.”

പിന്നീട് ഒരു സ്ത്രീ കണ്ണീരോടെ എന്നെ സമീപിച്ചു. ‘നന്ദി,’ അവള്‍ പറഞ്ഞു. ‘കുട്ടികളില്ലാത്തതില്‍ വിലകെട്ടവളായി എനിക്കു തോന്നിയിരുന്നു, ഞാന്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവളാണെന്ന സന്ദേശം എനിക്കുള്ളതായിരുന്നു.’ യേശുവില്‍ വിശ്വസിക്കുന്നവളാണോ എന്നു ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു. ‘വര്‍ഷങ്ങള്‍ക്കുമുമ്പു ഞാന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയി,’ അവള്‍ പറഞ്ഞു. ‘പക്ഷെ എനിക്ക് ദൈവവുമായി വീണ്ടും ഒരു ബന്ധം ആവശ്യമാണ്.’

ഇതുപോലുള്ള സമയങ്ങള്‍, സുവിശേഷം എത്ര അടിസ്ഥാനമുള്ളതാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. ‘പിതാവ്,’ ‘മാതാവ്’ എന്നിങ്ങനെയുള്ള ചില വ്യക്തിത്വങ്ങള്‍ ചിലര്‍ക്കു നേടുവാന്‍ പ്രയാസമാണ്. ഒരു ജോലിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വങ്ങള്‍ തൊഴില്‍രഹിതര്‍ക്കു നഷ്ടപ്പെടാം. എന്നാല്‍ യേശുവിലൂടെ നാം ദൈവത്തിന്റെ ‘പ്രിയമക്കളായി’ മാറുന്നു – ആര്‍ക്കും ഒരിക്കലും മോഷ്ടിക്കാനാവാത്ത വ്യക്തിത്വമാണത് (എഫെസ്യര്‍ 5:1). അതിനുശേഷം നമുക്കു ‘സ്‌നേഹത്തിന്റെ പാതയില്‍ നടക്കുവാന്‍’ കഴിയും – ഏതൊരു റോളിനെയും തൊഴില്‍ പദവിയെയും കവിയുന്ന ഒരു ജീവിതോദ്ദേശ്യമാണത് (വാ. 2).

എല്ലാ മനുഷ്യരും ‘ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണ്’ (സങ്കീര്‍ത്തനം 139:14). യേശുവിനെ അനുഗമിക്കുന്നവര്‍ ദൈവമക്കളായിത്തീരുന്നു (യോഹന്നാന്‍ 1:12-13). നിരാശിതയായിരുന്ന ആ സ്ത്രീ, പ്രത്യാശയുള്ളവളായി – ഈ ലോകത്തിനു നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ ഉന്നതമായ ഒരു വ്യക്തിത്വവും ലക്ഷ്യവും കണ്ടെത്തുന്നവളായി – മടങ്ങിപ്പോയി.