നീന്തല്‍ അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന ജോനി എറെക്‌സണ്‍ ടാഡ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, അവളുടെ ജീവിതം പാടേ വ്യത്യാസപ്പെട്ടിരുന്നു. ഇപ്പോള്‍ വീടിന്റെ വാതിലുകള്‍ അവളുടെ വീല്‍ചെയറിനു കടക്കാന്‍ കഴിയാത്തവിധം ഇടുങ്ങിയതും സിങ്കുകള്‍ വളരെ ഉയര്‍ന്നതുമായിരുന്നു. സ്വയം ഭക്ഷണം കഴിക്കാന്‍ അവള്‍ പഠിക്കുന്നതുവരെ ആരെങ്കിലും അവള്‍ക്കു ഭക്ഷണം നല്‍കേണ്ടിയിരുന്നു. കൈയുടെ സ്ഥാനത്തുള്ള സ്പ്ലിന്റില്‍ ഘടിപ്പിച്ച സ്പൂണ്‍ അവള്‍ ആദ്യമായി വായിലേക്ക് ഉയര്‍ത്തിയപ്പോള്‍, ആപ്പിള്‍ സോസ് വസ്ത്രങ്ങളിലെല്ലാം വീണത് അവള്‍ക്ക് അപമാനകരമായി തോന്നി. പക്ഷേ അവള്‍ തളര്‍ന്നില്ല. അവള്‍ പറയുന്നതുപോലെ, ‘യേശുവിനെ ആശ്രയിക്കുന്നതും ‘ഓ, ദൈവമേ, എന്നെ ഇതിനു സഹായിക്കൂ!’ എന്നു പറയുന്നതും ആയിരുന്നു എന്റെ രഹസ്യം.”  ഇന്ന് അവള്‍ ഒരു സ്പൂണ്‍ നന്നായി കൈകാര്യം ചെയ്യുന്നു.

തന്റെ തടവിലാക്കപ്പെട്ട അവസ്ഥ, മറ്റൊരു തടവുകാരനെയും – റോമന്‍ ജയിലില്‍ അടയ്ക്കപ്പെട്ട അപ്പൊസ്തലനായ പൗലൊസിനെ – ഫിലിപ്പിയര്‍ക്ക് അദ്ദേഹമയച്ച കത്തിനെയും നോക്കിക്കാണാന്‍ തന്നെ സഹായിച്ചതായി ജോനി പറയുന്നു. പൗലൊസ് നേടിയ നേട്ടങ്ങള്‍ക്കായി ജോനി പരിശ്രമിക്കുന്നു: ”ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്” (ഫിലിപ്പിയര്‍ 4:11). സമാധാനമായിരിക്കാന്‍ പൗലൊസിന് പഠിക്കേണ്ടതുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. അവന്‍ സഹജമായി സമാധാനത്തിലായിരുന്നില്ല. എങ്ങനെയാണ് അവന്‍ സംതൃപ്തി കണ്ടെത്തിയത്? ക്രിസ്തുവില്‍ ആശ്രയിച്ചതിലൂടെ: ”എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു” (വാ. 13).

നാമെല്ലാവരും വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്നു; ആ സമയങ്ങളിലെല്ലാം സഹായത്തിനും ശക്തിക്കും സമാധാനത്തിനുമായി നമുക്കെല്ലാവര്‍ക്കും യേശുവിനെ നോക്കാനാകും. നമ്മുടെ പ്രിയപ്പെട്ടവരെ പഴിചാരുന്നതില്‍ നിന്നു പിന്തിരിയാന്‍ അവിടുന്നു നമ്മെ സഹായിക്കും; കഠിനമായ അടുത്ത കാര്യം ചെയ്യാന്‍ അവിടുന്നു നമുക്കു ധൈര്യം നല്‍കും. അവങ്കലേക്കു നോക്കുക, സംതൃപ്തി കണ്ടെത്തുക.