ചില ”രക്ഷകള്‍” തങ്ങള്‍ക്കു നല്ല ഭാഗ്യം കൊണ്ടുവന്നുവെന്ന് ചില ആളുകള്‍ നിങ്ങളോടു പറഞ്ഞേക്കാം. ചിലര്‍ക്ക് ഇത് ചില ‘ഏലസ്സുകള്‍’ ആണ്, മറ്റു ചിലര്‍ക്ക് ഇത് പ്രത്യേക നാണയങ്ങള്‍, പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍, അല്ലെങ്കില്‍ ശുഭദിനങ്ങള്‍ എന്നിവയാണ്. ഇവ അഭിവൃദ്ധി കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുകയും അതിനായി പലരും കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കുകയും ചെയ്യുന്നു.
സൗഭാഗ്യങ്ങളിലുള്ള ഈ സാര്‍വത്രിക വിശ്വാസം, വിവിധ സംസ്കാരങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും. നമ്മുടെ ആത്യന്തിക ക്ഷേമത്തിനായി ദൈവത്തില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തിലെങ്കിലും -പണമോ, മാനുഷിക ബലമോ, അല്ലെങ്കില്‍ മതപരമായ പാരമ്പര്യമോ – ആശ്രയിക്കാനുള്ള നമ്മുടെ മാനുഷിക പ്രവണതയെയാണ് അതു ചൂണ്ടിക്കാണിക്കുന്നത്. അശ്ശൂരില്‍നിന്നുള്ള ആക്രമണ ഭീഷണി വന്നപ്പോള്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നു തിരിഞ്ഞു ദൈവത്തോടു വ്യക്തിപരമായി അടുക്കുന്നതിനു പകരം, യെഹൂദാജനം ഫറവോന്റെ സഹായം തേടിയപ്പോള്‍ ദൈവം ഇതിനെതിരായി മുന്നറിയിപ്പു നല്കി: ‘മനംതിരിഞ്ഞ് അടങ്ങിയിരുന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്കു മനസ്സാകാതെ അല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും” (യെശയ്യാവ് 30:15-16).
അവരുടെ ”സഹായം തേടിയുള്ള യാത്ര” പരാജയപ്പെട്ടു (ദൈവം അരുളിച്ചെയ്തതുപോലെ തന്നെ). അശ്ശൂര്‍ യെഹൂദയെ വളഞ്ഞു. എന്നാല്‍ ദൈവം തന്റെ ജനത്തോടു പറഞ്ഞു, ‘കര്‍ത്താവ് നിങ്ങളോട് കൃപ കാണിക്കാന്‍ ആഗ്രഹിക്കുന്നു.” നാം ചെറിയ കാര്യങ്ങളില്‍ ആശ്രയിക്കുമ്പോഴും, തങ്കലേക്കു മടങ്ങിവരുന്നതിനു നമ്മെ സഹായിക്കാന്‍ ദൈവം തന്റെ കൈ നീട്ടിയിരിക്കുന്നു. ‘അവനായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്!” (വാ. 18).
ദൈവത്തിലല്ലാതെ മറ്റെന്തിലാണ് നിങ്ങളുടെ വിശ്വാസമര്‍പ്പിക്കാന്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ പരീക്ഷിക്കപ്പെടാറുള്ളത്? ഇന്ന് നിങ്ങള്‍ എങ്ങനെ ദൈവത്തില്‍ ആശ്രയിക്കും?
ദൈവമേ, ഞാന്‍ അങ്ങയിലാശ്രയിക്കുന്നു! അങ്ങെപ്പോഴും വിശ്വസ്തനായിരിക്കുന്നതിനാല് അങ്ങയില്‍ ആശ്രയിക്കാന്‍ എന്നെ സഹായിക്കണമേ!