പരസ്യമായി സംസാരിക്കാനുള്ള ഭയത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഉപദേശം തേടുന്നതിനായി മഹേഷ് എന്റെയടുത്തെത്തി. മറ്റു പലരെയും പോലെ, അവന്റെ ഹൃദയം ശക്തിയായി മിടിക്കും, അവന്റെ തൊണ്ട വരളും, അവന്റെ മുഖം കഠനിമായി ചുവക്കും. ആളുകള്‍ക്കുള്ള സാമൂഹിക ഭയങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ഗ്ലോസോഫോബിയ – പരസ്യമായി സംസാരിക്കുന്നതിനെ മരണത്തേക്കാള്‍ തങ്ങള്‍ ഭയപ്പെടുന്നുവെന്ന് പലരും തമാശ പറയാറുണ്ട്! നന്നായി ”പ്രകടനം” കാഴ്ചവയ്ക്കാന്‍ കഴിയാത്ത ഈ ഭയത്തെ അതിജീവിക്കുന്നതിനു മഹേഷിനെ സഹായിക്കാനായി, അവന്‍ എത്ര നന്നായി തന്റെ സന്ദേശം അവതരിപ്പിക്കുന്നു എന്നതിനെക്കാള്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ മഹേഷിനെ ഉപദേശിച്ചു.

ഒരു കാര്യം പങ്കിടുന്നതിനുള്ള കഴിവിനെക്കാള്‍, എന്തു പങ്കിടുന്നു എന്നതിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത്, മറ്റുള്ളവര്‍ക്കു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നതില്‍ പൗലൊസ് സ്വീകരിച്ച സമീപനത്തിനു സമാനമാണ്. കൊരിന്തിലെ സഭയ്ക്കു ലേഖനമെഴുതിയപ്പോള്‍, തന്റെ സന്ദേശവും പ്രസംഗവും ”ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല” (1 കൊരിന്ത്യര്‍ 2:4) എന്നു പൗലൊസ് എഴുതി. പകരം, യേശുക്രിസ്തുവിന്റെ സത്യത്തിലും അവിടുത്തെ ക്രൂശീകരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും (വാ. 2), ഒരു പ്രഭാഷകനെന്ന നിലയില്‍ തന്റെ വാചാലതയിലല്ല, തന്റെ വാക്കുകളെ ശക്തീകരിക്കാന്‍ പരിശുദ്ധാത്മാവിനെ ആശ്രയിച്ചുകൊണ്ടുമാണ് പൗലൊസ് ശുശ്രൂഷ നിര്‍വഹിച്ചത്.

നാം ദൈവത്തെ വ്യക്തിപരമായി അറിയുമ്പോള്‍, ദൈവത്തെക്കുറിച്ചു നമുക്കു ചുറ്റുമുള്ളവരുമായി പങ്കിടാന്‍ നാം ആഗ്രഹിക്കും. എന്നിട്ടും, അതു ശരിയായി അവതരിപ്പിക്കാതിരിക്കാന്‍ കഴിയുമോ എന്നു ഭയപ്പെട്ട് – ശരിയായ വാക്കുകള്‍ കിട്ടുമോ എന്നു ഭയന്ന് – നാം ചിലപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. പകരം നാം ”എന്തു” പറയുന്നു എന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ – ദൈവം ആരാണെന്നുള്ള സത്യവും അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികളും – പൗലൊസിനെപ്പോലെ നമുക്കും, നമ്മുടെ വാക്കുകളെ ശാക്തീകരിക്കാന്‍ ദൈവത്തിലാശ്രയിക്കാന്‍ കഴിയും. അങ്ങനെ ഭയമോ വിമുഖതയോ കൂടാതെ സുവിശേഷം പങ്കുവെയ്ക്കാന്‍ നമുക്കു കഴിയും.