പതിനാലു വര്‍ഷമായി, നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പര്‍ച്യൂണിറ്റി, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുമായി വിശ്വസ്തതയോടെ ആശയവിനിമയം നടത്തി. 2004 ല്‍ ചൊവ്വയിലിറങ്ങിയതിനുശേഷം, ചൊവ്വയുടെ ഉപരിതലത്തിലൂടെ ഇരുപത്തിയെട്ടു മൈല്‍ സഞ്ചരിച്ച് ആയിരക്കണക്കിനു ചിത്രങ്ങളെടുക്കുകയും നിരവധി വസ്തുക്കള്‍ വിശകലനം ചെയ്യുകയും ചെയ്തു. എന്നാല്‍ 2018 ല്‍, ഒരു വലിയ പൊടിക്കാറ്റുണ്ടായി, അതിന്റെ സോളാര്‍ പാനലുകളില്‍ പൊടി പൊതിഞ്ഞ് പ്രവര്‍ത്തനരഹിതമായതോടുകൂടി ഓപ്പര്‍ച്യൂണിറ്റിയും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയവിനിമയം നിലച്ചു.

നമ്മുടെ ലോകത്തിനു പുറത്തുള്ള ആരെങ്കിലുമായി നമുക്കുള്ള ആശയവിനിമയം തടയാന്‍ ”പൊടിയെ” അനുവദിക്കാന്‍ നമുക്കു കഴിയുമോ? പ്രാര്‍ത്ഥനയുടെ കാര്യം – ദൈവവുമായുള്ള ആശയവിനിമയം – വരുമ്പോള്‍ വഴിയില്‍ തടസ്സമായി വരാവുന്ന ചില കാര്യങ്ങളുണ്ട്.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തടയാന്‍ പാപത്തിനു കഴിയുമെന്നു തിരുവെഴുത്തു പറയുന്നു. ”ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു” (സങ്കീര്‍ത്തനം 66:18). യേശു ഉപദേശിക്കുന്നു, ”നിങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍” (മര്‍ക്കൊസ് 11:25). ദൈവവുമായുള്ള നമ്മുടെ ആശയവിനിമയത്തെ സംശയവും ബന്ധത്തിലെ പ്രശ്‌നങ്ങളും തടസ്സപ്പെടുത്താം (യാക്കോബ് 1:5-7; 1 പത്രൊസ് 3:7).

ഓപ്പര്‍ച്യൂണിറ്റിയുടെ ആശയവിനിമയ തടസ്സം ശാശ്വതമാണെന്നു തോന്നുന്നു. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അങ്ങനെ തടസ്സപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ, ദൈവവുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ദൈവം നമ്മെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, ദൈവകൃപയാല്‍ പ്രപഞ്ചം അറിഞ്ഞിട്ടുള്ള എക്കാലത്തെയും ഏറ്റവും വലിയ ആശയവിനിമയം  – നാമും നമ്മുടെ വിശുദ്ധ ദൈവവും തമ്മിലുള്ള നേരിട്ടുള്ള പ്രാര്‍ത്ഥന – നാം അനുഭവിക്കുന്നു.