ഇംഗ്ലീഷ് പ്രസംഗകന് ചാള്‍സ് എച്ച്. സ്പര്‍ജന്‍ (1834-1892) ജീവിതം ”പൂര്‍ണ്ണ വേഗതയില്‍” ജീവിച്ചു. പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം ഒരു പാസ്റ്ററായി. താമസിയാതെ വലിയ ജനക്കൂട്ടത്തോടു പ്രസംഗിക്കുവാനാരംഭിച്ചു. തന്റെ പ്രഭാഷണങ്ങളെല്ലാം അദ്ദേഹം വ്യക്തിപരമായി എഡിറ്റു ചെയ്തു, അവയാകെ അറുപത്തിമൂന്ന് വാല്യങ്ങളുണ്ടായിരുന്നു. കൂടാതെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പുസ്തകങ്ങളും മറ്റ് പുസ്തകങ്ങളും അദ്ദേഹം എഴുതി. അദ്ദേഹം സാധാരണയായി ആഴ്ചയില്‍ ആറു പുസ്തകങ്ങള്‍ വായിച്ചിരുന്നു! തന്റെ ഒരു പ്രസംഗത്തില്‍ സ്പര്‍ജന്‍ പറഞ്ഞു, ”ഒന്നും ചെയ്യാതിരിക്കുക എന്ന പാപം എല്ലാ പാപങ്ങളിലുംവെച്ച് ഏറ്റവും വലുതാണ്, കാരണം അതില്‍ മറ്റുള്ള മിക്കവയും ഉള്‍പ്പെട്ടിരിക്കുന്നു. . . . ഭയാനകമായ അലസത! ദൈവം നമ്മെ അതില്‍നിന്നു രക്ഷിക്കട്ടെ!”
ചാള്‍സ് സ്പര്‍ജന്‍ ഉത്സാഹത്തോടെയാണ് ജീവിച്ചത്, അതിനര്‍ത്ഥം ദൈവകൃപയില്‍ വളരാനും ദൈവത്തിനുവേണ്ടി ജീവിക്കാനും അദ്ദേഹം ”സകല ഉത്സാഹവും കഴിച്ചു” എന്നാണ് (2 പത്രൊസ് 1:5). നാം ക്രിസ്തുവിന്റെ അനുഗാമികളാണെങ്കില്‍, ”സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊണ്ട്” (വാ. 5-7) യേശുവിനെപ്പോലെ കൂടുതല്‍ വളരാനുള്ള അതേ ആഗ്രഹവും കഴിവും നമ്മില്‍ പകര്ന്നുനല്കാന് ദൈവത്തിനു കഴിയും.
നമുക്കോരോരുത്തര്‍ക്കും വ്യത്യസ്ത പ്രചോദനങ്ങള്‍, കഴിവുകള്‍, ഊര്‍ജ്ജ നിലകള്‍ എന്നിവയാണുള്ളത് – നമുക്കെല്ലാവര്‍ക്കും ചാള്‍സ് സ്പര്‍ജന്റെ വേഗതയില്‍ ജീവിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യരുത്! എന്നാല്‍ യേശു നമുക്കുവേണ്ടി ചെയ്തതെല്ലാം മനസ്സിലാക്കുമ്പോള്‍, ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം നമുക്കുണ്ട്. അവിടുത്തേക്കുവേണ്ടി ജീവിക്കാനും സേവിക്കാനും ദൈവം നമുക്കു നല്‍കിയിട്ടുള്ള വിഭവങ്ങളിലൂടെ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു. വലുതും ചെറുതുമായ നമ്മുടെ ശ്രമങ്ങളില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവത്തിനു തന്റെ ആത്മാവിലൂടെ കഴിയും.
ക്രിസ്തുവിനെപ്പോലെ വളരാന്‍ നിങ്ങള്‍ എങ്ങനെയാണ് സകല ശ്രമങ്ങളും നടത്തുന്നത്? ഈ ശ്രമത്തില്‍ നിങ്ങളെ സഹായിക്കുന്നതെന്താണ്?
സ്നേഹവാനായ ദൈവമേ, ഞാന്‍ ചെയ്യുന്നതും പറയുന്നതുമായ എല്ലാ കാര്യങ്ങളിലൂടെയും അങ്ങേയ്ക്കായി ഉത്സാഹത്തോടെ ജീവിക്കാന്‍ എന്നെ സഹായിക്കണമേ. എന്റെ ഉള്ളിലുള്ള അങ്ങയുടെ ആത്മാവിലൂടെ അങ്ങനെ ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയതിനു നന്ദി!