ഞാന്‍ പ്രസംഗപീഠത്തില്‍ വേദപുസ്തകം വെച്ചിട്ട്, സന്ദേശം ആരംഭിക്കാന്‍ കാത്തിരിക്കുന്ന ആകാംക്ഷയുള്ള മുഖങ്ങളിലേക്ക് ഉറ്റുനോക്കി. ഞാന്‍ പ്രാര്‍ത്ഥിക്കുകയും തയ്യാറെടുക്കുകയും ചെയ്തതാണ്. പിന്നെ എന്തുകൊണ്ടാണ് എനിക്കു സംസാരിക്കാന്‍ കഴിയാത്തത്?
നീ വിലകെട്ടവളാണ്. ആരും ഒരിക്കലും നിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയില്ല, പ്രത്യേകിച്ചും അവര്‍ക്ക് നിന്റെ ഭൂതകാലം അറിയാമെങ്കില്‍. ദൈവം നിന്നെ ഒരിക്കലും ഉപയോഗിക്കുകയില്ല. എന്റെ ജീവിതത്തിലുടനീളം പലവിധത്തില്‍ സംസാരിച്ചതും ഞാന്‍ വളരെ എളുപ്പത്തില്‍ വിശ്വസിച്ചതും നുണകള്‍ക്കെതിരായ ഒരു ദശാബ്ദക്കാലത്തെ എന്റെ യുദ്ധത്തിനു കാരണമായതുമായ ഈ വാക്കുകള്‍ എന്റെ മനസ്സിലേക്കോടിയെത്തി. ഈ വാക്കുകള്‍ ശരിയല്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഭയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ എന്റെ ബൈബിള്‍ തുറന്നു.
സദൃശവാക്യങ്ങള്‍ 30:5 ലേക്കു തിരിഞ്ഞുകൊണ്ട്, അവ ഉച്ചത്തില്‍ വായിക്കുന്നതിനുമുമ്പു ഞാന്‍ ദീര്‍ഘമായി ശ്വാസമെടുത്തു. ”ദൈവത്തിന്റെ സകല വചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവന് പരിച തന്നേ” എന്നു ഞാന്‍ വായിച്ചു. സമാധാനം എന്നെ നിറച്ചതിനാല്‍ ഞാന്‍ കണ്ണുകള്‍ അടച്ചു, സദസ്യരുമായി എന്റെ സാക്ഷ്യം പങ്കിടാന്‍ തുടങ്ങി.
നമ്മില്‍ പലരും നിഷേധാത്മക വാക്കുകളുടെ, അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തളര്‍ത്തുന്ന ശക്തി അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ വചനങ്ങള്‍ ”ശുദ്ധിചെയ്തതും” തികഞ്ഞതും തികച്ചും ഗൗരവമുള്ളതുമാണ്. നമ്മുടെ മൂല്യത്തെക്കുറിച്ചോ ദൈവമക്കളെന്ന നിലയില്‍ നമ്മുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ആശയങ്ങള്‍ വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ദൈവത്തിന്റെ നിലനില്ക്കുന്നതും തെറ്റിക്കൂടാത്തതുമായ സത്യം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സംരക്ഷിക്കുന്നു. ”യഹോവേ, പേണ്ടയുള്ള നിന്റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു” (സങ്കീര്‍ത്തനം 119:52) എന്നെഴുതിയ സങ്കീര്‍ത്തനക്കാരനെ നമുക്ക് പ്രതിധ്വനിപ്പിക്കാന്‍ കഴിയും.
ദൈവത്തെയും നമ്മെയും മറ്റുള്ളവരെയും കുറിച്ചുള്ള തിരുവെഴുത്തിനെ സ്വീകരിച്ചുകൊണ്ട് അവയ്ക്കെതിരായ നുണകളെ നമുക്കു ചെറുത്തുനില്ക്കാം.
എന്തു നുണകളാണ് നിങ്ങള്‍ വിശ്വസിച്ചിട്ടുള്ളത്? വേദപുസ്തകത്തിലെ സത്യത്തിലൂടെ ദൈവത്തെയും നിങ്ങളെയും മറ്റുള്ളവരെയും കാണാന്‍ ബൈബിളിലെ ഏതു വാക്യങ്ങളാണ് നിങ്ങളെ സഹായിച്ചിട്ടുള്ളത്?
സ്നേഹവാനായ പിതാവേ, തിരുവെഴുത്തിനെ പ്രാര്‍ത്ഥനാപൂര്‍വം പഠിക്കുവാനും അങ്ങനെ അങ്ങയുടെ സത്യത്തിന്റെ കണ്ണാടിയിലൂടെ ജീവിതത്തെ കാണുവാനും എന്നെ സഹായിക്കണമേ.