ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടയില്‍, ഞങ്ങളോടു തന്റെ കഥ പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി പതിനേഴാമത്തെ വയസ്സില്‍ ഏകനായി നഗരത്തിലെത്തിയതാണയാള്‍. ഇപ്പോള്‍, പതിനൊന്നു വര്‍ഷത്തിനുശേഷം അയാള്‍ക്കു സ്വന്ത കുടുംബമുണ്ട്, അവരുടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്താന്‍ തനിക്കു കഴിയുന്നുമുണ്ട്. ഗ്രാമത്തില്‍ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. എന്നാല്‍ താന്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്നു എന്ന ദുഃഖമയാള്‍ക്കുണ്ട്. തന്റെ കുടുംബവുമായി വീണ്ടും ഒത്തുചേരുന്നതുവരെ പൂര്‍ത്തിയാകാത്ത കഠിനമായ ഒരു യാത്ര തനിക്കുണ്ടെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞു.

ഈ ജീവിതത്തില്‍, നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വേര്‍പിരിഞ്ഞിരിക്കുക എന്നതു കഠിനമാണ്. പക്ഷേ മരണത്തിലൂടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് അതിലും കഠിനമാണ്; അവരുമായി വീണ്ടും ഒത്തുചേരുന്നതുവരെ കഠിനമായ നഷ്ടബോധമായിരിക്കും അതു നമ്മില്‍ സൃഷ്ടിക്കുക. തെസ്സലൊനീക്യയിലെ പുതിയ വിശ്വാസികള്‍ അത്തരം നഷ്ടങ്ങളെക്കുറിച്ചു വ്യാകുലപ്പെട്ടപ്പോള്‍ പൗലൊസ് എഴുതി, ”സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” (1 തെസ്സലൊനീക്യര്‍ 4:13). യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, അത്ഭുതകരമായ ഒരു പുനഃസമാഗമം – ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ എന്നേക്കും ഒരുമിച്ചുള്ള ജീവിതം – പ്രതീക്ഷിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും എന്നു പൗലൊസ് വിശദീകരിച്ചു (വാ. 17).   

നാം സഹിക്കുന്ന വേര്‍പിരിയലുകളെപ്പോലെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന കുറച്ച് അനുഭവങ്ങളേ നമുക്കുണ്ടാകാറുള്ളു. എന്നാല്‍ യേശുവില്‍ നമുക്കു വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയുണ്ട്. ദുഃഖത്തിനും നഷ്ടത്തിനും ഇടയില്‍, നിലനില്‍ക്കുന്ന ആ വാഗ്ദാനത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയും (വാ. 18).