അശോക് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അദ്ദേഹത്തിന് അസംബ്ലി ലൈനിലെ ജോലി നഷ്ടപ്പെട്ടു. മറ്റൊരു ഡിവിഷനിലെ അശ്രദ്ധയാണ് അവര്‍ നിര്‍മ്മിച്ച കാറുകളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. നിരവധി തകര്‍ച്ചകളുടെ വാര്‍ത്തകള്‍ വന്നതോടുകൂടി, ജാഗ്രതയുള്ള ഉപഭോക്താക്കള്‍ അവരുടെ ബ്രാന്‍ഡ് വാങ്ങുന്നതു നിര്‍ത്തി. കമ്പനിക്കു ജോലിക്കാരെ കുറയ്‌ക്കേണ്ടി വന്നപ്പോള്‍ അശോകിനും ജോലി നഷ്ടമായി. മറ്റൊരാളുടെ തെറ്റിന്റെ പാര്‍ശ്വഫലമായാണ് അശോകിനു നഷ്ടമുണ്ടായത്,  അത് നീതിയല്ല,  അതൊരിക്കലുമല്ല.

ചരിത്രത്തിലെ ആദ്യത്തെ, പാര്‍ശ്വഫലമായ നഷ്ടം സംഭവിച്ചത് ആദ്യപാപത്തിനു തൊട്ടുപിന്നാലെയാണ്. ആദാമും ഹവ്വായും അവരുടെ നഗ്‌നതയെക്കുറിച്ച് ലജ്ജിതരായതിനാല്‍, ദൈവം ”തോല്‍കൊണ്ട്” ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു (ഉല്പത്തി 3:21). സങ്കല്‍പ്പിക്കുന്നതുപോലും വേദനാജനകമാണ്, പക്ഷേ തോട്ടത്തില്‍ എപ്പോഴും സുരക്ഷിതമായിരുന്ന ഒന്നോ അതിലധികമോ മൃഗങ്ങളെ ഇപ്പോള്‍ അറുത്ത് തൊലിയുരിക്കേണ്ടിവന്നു.

അതുകൊണ്ടും അവസാനിച്ചില്ല. ദൈവം യിസ്രായേലിനോടു പറഞ്ഞു, ”ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനം പ്രതി യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കണം; രാവിലെതോറും അതിനെ അര്‍പ്പിക്കണം” (യെഹെസ്‌കേല്‍ 46:13). ഒരു. കുഞ്ഞാടിനെ. ദിനംപ്രതി. മനുഷ്യന്റെ പാപം കാരണം എത്ര ആയിരം മൃഗങ്ങളെയാണ് ബലികഴിച്ചിട്ടുണ്ടാവുക?

ദൈവത്തിന്റെ കുഞ്ഞാടായ യേശു, നമ്മുടെ പാപത്തെ നീക്കാന്‍ വരുന്നതുവരെ അവയുടെ മരണം അനിവാര്യമായിരുന്നു (യോഹന്നാന്‍ 1:29). ഇതിനെ ”പാര്‍ശ്വഫലമായ പരിഹരിക്കല്‍”എന്നു വിളിക്കാം. ആദാമിന്റെ പാപം നമ്മെ കൊല്ലുന്നതുപോലെ, അവസാനത്തെ ആദാമിന്റെ (ക്രിസ്തുവിന്റെ) അനുസരണം അവനില്‍ വിശ്വസിക്കുന്ന എല്ലാവരെയും യഥാസ്ഥാനപ്പെടുത്തുന്നു (റോമര്‍ 5:17-19). പാര്‍ശ്വഫലമായ പരിഹരിക്കല്‍ ന്യായമല്ല – ഇതിന് യേശുവിന്റെ ജീവന്‍ നഷ്ടമായി – എങ്കിലും ഇതു സൗജന്യമാണ്. വിശ്വാസത്താല്‍ യേശുവിനെ സമീപിക്കുക, അവിടുന്നു നല്‍കുന്ന രക്ഷ സ്വീകരിക്കുക, അവിടുത്തെ നീതിപൂര്‍വമായ ജീവിതം നിങ്ങളുടേതായി കണക്കാക്കപ്പെടും.