തെരുവിന്റെ ഒരു വശത്ത് ഒരു വീട്ടുടമസ്ഥന്‍ തന്റെ മുറ്റത്ത് ഒരു വലിയ രാഷ്ട്രീയ പതാക ഉയര്‍ത്തിക്കെട്ടിയിരുന്നു. ഒരു വലിയ ട്രക്ക് ഡ്രൈവ്‌വേയില്‍ കിടക്കുന്നു. ഇതിന്റെ വശത്തെ വിന്‍ഡോയില്‍ പതാക വരച്ചിരിക്കുന്നു, പിന്നിലെ ബമ്പര്‍ നിറയെ ദേശസ്‌നേഹ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു. തെരുവിന്റെ മറുവശത്തുള്ള ഒരു അയല്‍ക്കാരന്റെ മുറ്റത്ത്, വാര്‍ത്തകളില്‍ വരുന്ന നിലവിലെ സാമൂഹികനീതി പ്രശ്നങ്ങളെ സംബന്ധിച്ച മുദ്രാവാക്യങ്ങള്‍, വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഈ വീടുകളിലെ ആളുകള്‍ പരസ്പരം വൈരാഗ്യത്തിലാണോ അതോ സുഹൃത്തുക്കളാണോ? നാം അത്ഭുതപ്പെട്ടേക്കാം. രണ്ടു കുടുംബങ്ങളും യേശുവില്‍ വിശ്വസിക്കുന്നവരാകാന്‍ സാധ്യതയുണ്ടോ? യാക്കോബ് 1:19-ലെ വാക്കുകള്‍ അനുസരിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു: ”ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.” മിക്കപ്പോഴും നാം നമ്മുടെ അഭിപ്രായങ്ങളെ ധാര്‍ഷ്ട്യത്തോടെ മുറുകെ പിടിക്കുകയും മറ്റുള്ളവര്‍ എന്താണു ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. മാത്യു ഹെന്റി കമന്ററി ഇപ്രകാരം പറയുന്നു: ”എല്ലാ വശത്തുനിന്നുമുള്ള യുക്തിയും സത്യവും കേള്‍ക്കാന്‍ നാം വേഗതയുള്ളവരായിരിക്കണം, സംസാരിക്കാന്‍ മന്ദഗതിയുള്ളവരുമായിരിക്കണം. . . നാം സംസാരിക്കുമ്പോള്‍ കോപമുളവാക്കുന്നതൊന്നുമുണ്ടാകരുത്.”  

ആരോ പറഞ്ഞു, ”പഠനത്തിന് കേള്‍ക്കേണ്ടതാവശ്യമാണ്.” നാം ദൈവത്തിന്റെ സ്‌നേഹാത്മാവില്‍ നിറയുകയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രമേ യാക്കോബിന്റെ പുസ്തകത്തില്‍നിന്നുള്ള ദൈവത്തിന്റെ പ്രായോഗിക വാക്കുകള്‍ നിറവേറ്റാന്‍ നമുക്കു കഴിയൂ. നമ്മുടെ ഹൃദയത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനു സഹായിക്കാന്‍ അവിടുന്നു സന്നദ്ധനാണ്. കേള്‍ക്കാനും പഠിക്കാനും ഞങ്ങള്‍ തയ്യാറാണോ?