അനേക വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി കൊതിച്ച വിശ്വാസ് – റീത്ത ദമ്പതികള്‍, റീത്ത ഗര്‍ഭം ധരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നിരുന്നാലും, അവളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിന് അപകടകരമാണെന്നു മനസ്സിലായപ്പോള്‍, വിശ്വാസ് ഓരോ രാത്രിയും ഉണര്‍ന്നിരുന്നു ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു രാത്രിയില്‍, താന്‍ കഠിനമായി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്ന് വിശ്വാസ് മനസ്സിലാക്കി, കാരണം താന്‍ കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം റീത്തയുടെ ഗര്‍ഭം അലസി. വിശ്വാസ് തകര്‍ന്നുപോയി. താന്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാതിരുന്നതുകൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടത്? വിശ്വാസ് ആശ്ചര്യപ്പെട്ടു.

ആദ്യ വായനയില്‍, ഇന്നത്തെ ഉപമ അങ്ങനെ നിര്‍ദ്ദേശിക്കുന്നുവെന്നു നാം ചിന്തിച്ചേക്കാം. കഥയില്‍, ഒരു അയല്‍ക്കാരന്‍ (ദൈവത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ചിലപ്പോള്‍ തോന്നിപ്പോകും) സുഹൃത്തിന്റെ നിരന്തര ശല്യപ്പെടുത്തല്‍ നിമിത്തം കിടക്കയില്‍ നിന്നെഴുന്നേറ്റ് അവനെ സഹായിക്കുന്നു (ലൂക്കൊസ് 11:5-8). ഈ രീതിയില്‍ വായിച്ചാല്‍, ഉപമ സൂചിപ്പിക്കുന്നത് നാം ദൈവത്തെ ശല്യപ്പെടുത്തിയാല്‍ മാത്രമേ നമുക്കാവശ്യമുള്ളത് ദൈവം നല്‍കൂ എന്നാണ്. നാം വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍, ഒരുപക്ഷെ ദൈവം നമ്മെ സഹായിക്കയില്ല.

എന്നാല്‍ പ്രശസ്ത വേദപുസ്തക വ്യാഖ്യാതാക്കള്‍ വിശ്വസിക്കുന്നത്, ഇത് ഉപമയെ തെറ്റിദ്ധരിക്കുന്ന വ്യാഖ്യാനമാണെന്നാണ് – അതിന്റെ യഥാര്‍ത്ഥ പോയിന്റ്, അയല്‍ക്കാര്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍കൊണ്ടു നമ്മെ സഹായിക്കുമെങ്കില്‍, നമ്മുടെ നിസ്വാര്‍ത്ഥനായ പിതാവ് എത്രയധികം എന്നതാണ്. അതിനാല്‍, തെറ്റുകളുള്ള മനുഷ്യരെക്കാള്‍ ദൈവം വലിയവനാണെന്ന് അറിഞ്ഞുകൊണ്ട് (വാ. 11-13) നമുക്ക് ആത്മവിശ്വാസത്തോടെ ചോദിക്കാം (വാ. 9-10).  അവിടുന്ന് ഉപമയിലെ അയല്‍ക്കാരനല്ല, മറിച്ച് അവന്റെ നേരെ വിപരീതമാണ്.

”എന്തുകൊണ്ടാണ് നിങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല,” ഞാന്‍ വിശ്വാസിനോടു പറഞ്ഞു, ”പക്ഷേ, നിങ്ങള്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാത്തതുകൊണ്ടല്ല അതെന്നെനിക്കറിയാം. ദൈവം അത്തരക്കാരനല്ല.”