രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികള്‍ ഫ്രാന്‍സ് ജയ്‌ഗെര്‍സ്റ്റെയ്റ്ററെ തിരഞ്ഞെടുത്തപ്പോള്‍, അദ്ദേഹം അടിസ്ഥാന സൈനിക പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറിനോടു വ്യക്തിപരമായ കൂറു പ്രഖ്യാപിക്കുന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചു. അധികാരികള്‍ ഫ്രാന്‍സിനെ തന്റെ ഫാമിലേക്കു മടങ്ങാന്‍ അനുവദിച്ചെങ്കിലും പിന്നീട് അവര്‍ അദ്ദേഹത്തെ ഡ്യൂട്ടിക്കു വിളിപ്പിച്ചു. നാസി പ്രത്യയശാസ്ത്രത്തെ അടുത്തറിയുകയും യെഹൂദ വംശഹത്യയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്ത ശേഷം, ജയ്‌ഗെര്‍സ്റ്റെയ്റ്റര്‍, ദൈവത്തോടുള്ള തന്റെ വിശ്വസ്തത, നാസികള്‍ക്കുവേണ്ടി ഒരിക്കലും പോരാടാന്‍ അനുവദിക്കുന്നില്ലെന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു വധശിക്ഷയ്ക്കു വിധിച്ചു. ഭാര്യയും മൂന്നു പെണ്‍മക്കളും അനാഥരായി.
വര്‍ഷങ്ങളായി, യേശുവിലുള്ള അനേകം വിശ്വാസികള്‍ – മരണഭീഷണിയുടെ നടുവിലും – ദൈവത്തോട് അനുസരണക്കേടു കാണിക്കാന്‍ കല്പിക്കുമ്പോള്‍ ഉറച്ച വിസമ്മതം രേഖപ്പെടുത്താറുണ്ട്. അത്തരമൊരു കഥയാണ് ദാനീയേലിന്റേത്. ”മുപ്പതു ദിവസത്തേക്ക് രാജാവിനോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും” (ദാനീയേല്‍ 6:12) എന്ന രാജകീയ വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ദാനീയേല്‍ സുരക്ഷ നിരസിക്കുകയും വിശ്വസ്തത പാലിക്കുകയും ചെയ്തു. ”താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് സ്‌തോത്രം ചെയ്തു” (വാ. 10). എന്തു വില കൊടുക്കേണ്ടി വന്നാലും പ്രവാചകന്‍ ദൈവമുമ്പാകെ മാത്രമേ മുട്ടുകുത്തുകയുള്ളൂ.
ചിലപ്പോള്‍, നമ്മുടെ തിരഞ്ഞെടുപ്പ് വ്യക്തമാണ്. പൊതുവിലുള്ള അഭിപ്രായത്തോടു ചേര്‍ന്നുനില്‍ക്കാന്‍ നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മോട് അഭ്യര്‍ത്ഥിച്ചാലും, നമ്മുടെ സ്വന്തം പ്രശസ്തി അല്ലെങ്കില്‍ ക്ഷേമം അപകടത്തിലാകുന്ന സാഹചര്യത്തിലും നാം ദൈവത്തോടുള്ള അനുസരണത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ചില സമയങ്ങളില്‍, വലിയ വില കൊടുത്തും നമുക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഒരു ഉറച്ച വിസമ്മതമാണ്.
ദൈവത്തോടുള്ള അനുസരണത്തിനു നിങ്ങളുടെ ഉറച്ച വിസമ്മതം ആവശ്യമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്ന മേഖല ഏതാണ്? ഈ നിരസിക്കലിന് നിങ്ങള്‍ എന്തു വിലയാണു കൊടുക്കേണ്ടിവരിക? നിങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാകും?
ദൈവമേ, അങ്ങയോടുള്ള എന്റെ വിശ്വസ്തത, ചില സമയങ്ങളില്‍ മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് അല്ലെങ്കില്‍ ആവശ്യങ്ങള്‍ക്കു നേരെ ഇല്ല എന്നു പറയുന്നതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇതിനു ഞാന്‍ വളരെ വില കൊടുക്കേണ്ടി വന്നേക്കാം. എനിക്കു ധൈര്യം തരണമേ.