അദിതിയും ആകാശും ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചുവെങ്കിലും, അവര്‍ക്കു കുട്ടികളുണ്ടാകുകയില്ലെന്ന് അവരുടെ ഡോക്ടര്‍ പറഞ്ഞു. ”ഞാന്‍ ദൈവവുമായി വളരെ സത്യസന്ധമായ ഒരു സംഭാഷണത്തിനു സമയം കണ്ടെത്തി” അദിതി തന്റെ സ്നേഹിതയോടു മനസ്സു തുറന്നു. എന്നാല്‍ അത്തരമൊരു ”സംഭാഷണ”ത്തിനു ശേഷമാണ് അവളും ആകാശും അവരുടെ പാസ്റ്ററുമായി സംസാരിച്ചത്. അവരുടെ സഭയിലെ ഒരു ദത്തെടുക്കല്‍ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം ദത്തെടുക്കപ്പെട്ട ഒരു ആണ്‍കുഞ്ഞിനെ നല്കി ദൈവം അവരെ അനുഗ്രഹിച്ചു.
ഉല്പത്തി 15-ല്‍, മറ്റൊരു സത്യസന്ധമായ സംഭാഷണത്തെക്കുറിച്ചു ബൈബിള്‍ പറയുന്നു – ഇത് അബ്രാമും ദൈവവും തമ്മിലുള്ള സംഭാഷണമായിരുന്നു. ദൈവം അവനോടു പറഞ്ഞു, ”അബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ . . . നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു” (വാ. 1). തന്റെ ഭാവിയെക്കുറിച്ചുള്ള ദൈവിക വാഗ്ദാനങ്ങളെക്കുറിച്ച് ഉറപ്പില്ലാതെ അബ്രാം ഉത്തരം പറഞ്ഞു: ”യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ?” (വാ. 2).
”ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും” (ഉല്പത്തി 13:16) എന്നു ദൈവം നേരത്തെ വാഗ്ദത്തം ചെയ്തിരുന്നു. ഇപ്പോള്‍ അബ്രാം – തികച്ചും മാനുഷികമായ ഒരു നിമിഷത്തില്‍ – അതു ദൈവത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക: ”നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക” എന്ന് അബ്രാമിനോടു പറഞ്ഞുകൊണ്ട്, അവന്റെ സന്തതി എണ്ണുവാന്‍ കഴിയാത്തവിധമായിരിക്കുമെന്ന് അവിടുന്ന് ഉറപ്പുനല്‍കി (ഉല്പത്തി 15:5).
അത്തരം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അനുവദിക്കുക മാത്രമല്ല, അബ്രാമിനെ സൗമ്യമായി ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവം എത്ര നല്ലവനാണ്! പിന്നീട്, ദൈവം അബ്രാമിന്റെ പേര് അബ്രാഹാം (”ബഹുജാതികളുടെ പിതാവ്”) എന്ന് മാറ്റുന്നു. അബ്രാമിനെപ്പോലെ, നിങ്ങള്‍ക്കും എനിക്കും ദൈവവുമായി നമ്മുടെ ഹൃദയം പരസ്യമായി പങ്കിടാനും നമുക്കും മറ്റുള്ളവര്‍ക്കും ഏറ്റവും മികച്ചതു ദൈവം ചെയ്യുമെന്ന് ദൈവത്തില്‍ വിശ്വസിക്കാനും കഴിയും.
ഇത്രയും ദുഷ്കരമായ നിമിഷത്തില്‍ ദൈവം അവനെ ധൈര്യപ്പെടുത്തിയപ്പോള് അബ്രഹാമിന് എന്തു തോന്നി എന്നാണു നിങ്ങള്‍ കരുതുന്നത്? ഇന്നു നിങ്ങള്‍ക്കു ദെവവുമായി സത്യസന്ധമായ എന്തു സംഭാഷണമാണ് നടത്തേണ്ടിയിരിക്കുന്നത്?
സ്നേഹവാനായ സ്വര്‍ഗ്ഗീയ പിതാവേ, എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത വിശദാംശങ്ങള്‍ പോലും ശ്രദ്ധിക്കുന്നതിനു നന്ദി. ഇന്നു പ്രാര്‍ത്ഥനയില്‍ അങ്ങയോടു ചേര്‍ന്നിരിക്കാന്‍ എന്നെ സഹായിക്കണമേ.