നഷ്ടപ്പെട്ട എന്റെ വിവാഹ മോതിരത്തിനായുള്ള തിരച്ചിലിനിടയില്‍ എന്റെ കവിളുകളില്‍ നിന്നു കണ്ണുനീര് ഒഴുകി. ഒരു മണിക്കൂറോളം സോഫയിലെ കുഷനുകള്‍ മാറ്റിയും ഞങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയതിനും ശേഷം അലന് പറഞ്ഞു, ”എനിക്കു വിഷമമുണ്ട്. നമുക്കു മറ്റൊന്നു വാങ്ങാം.”
”നന്ദി,” ഞാന്‍ പ്രതികരിച്ചു. ”എന്നാല്‍ അതിന്റെ വൈകാരികമായ മൂല്യം അതിന്റെ വിലയെക്കാള്‍ കൂടുതലാണ്. അതു മാറ്റാനാകില്ല.” പ്രാര്‍ത്ഥനയോടെ, ഞാന്‍ ആഭരണത്തിനായി തിരച്ചില്‍ തുടര്‍ന്നു. ”ദൈവമേ, ദയവായി അതു കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.”
പിന്നീട്, ആഴ്ചയുടെ ആരംഭത്തില്‍ ധരിച്ച ഒരു സ്വെറ്ററിന്റെ പോക്കറ്റിലേക്ക് കൈയിട്ടപ്പോള്‍, അമൂല്യമായ ആഭരണം ഞാന്‍ കണ്ടെത്തി. ”യേശുവേ, നന്ദി!” ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും സന്തോഷിക്കുമ്പോള്‍, ഞാന്‍ മോതിരം വിരലിലണിഞ്ഞുകൊണ്ട്, ഒരു ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമ ഓര്‍മ്മിച്ചു (ലൂക്കൊസ് 15:8-10). നഷ്ടപ്പെട്ട വെള്ളി നാണയം തിരഞ്ഞ സ്ത്രീയെപ്പോലെ, നഷ്ടപ്പെട്ടവയുടെ മൂല്യം ഞാനറിഞ്ഞു. ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ആഗ്രഹിച്ചതില്‍ ഞങ്ങളെ രണ്ടുപേരെയും തെറ്റുപറയാന്‍ കഴിയുമായിരുന്നില്ല. താന്‍ സൃഷ്ടിച്ച ഓരോ വ്യക്തിയെയും രക്ഷിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയാന്‍ യേശു ആ കഥ ഉപയോഗിച്ചു. അനുതപിക്കുന്ന ഒരു പാപി സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷത്തിനു കാരണമാകുന്നു.
നഷ്ടപ്പെട്ട നിധികള്‍ കണ്ടെത്താനായി നാം പ്രാര്‍ത്ഥിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കുവേണ്ടി ആവേശത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നത് എത്ര വലിയ ദാനമായിരിക്കും. ആരെങ്കിലും അനുതപിക്കുകയും തങ്ങളുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. നാം നമ്മുടെ ആശ്രയം യേശുവില്‍ വെച്ചിട്ടുണ്ടെങ്കില്‍, നാം കണ്ടെത്തപ്പെടേണ്ടവരാണ് എന്നു ചിന്തിച്ചു നമുക്കുവേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാതിരുന്ന ഒരുവനാല്‍ സ്നേഹിക്കപ്പെട്ടതിന്റെ സന്തോഷം അനുഭവിക്കാനിടയായതില്‍ നമുക്കു നന്ദിയുള്ളവരാകാം.
ഇന്ന് ആരുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതിനു നിങ്ങള്‍ക്കു സമര്‍പ്പിതരാകാന്‍ കഴിയും? നിങ്ങളുടെ സാക്ഷ്യം ആരുമായി പങ്കിടാനാകും?
പിതാവേ, അങ്ങു സൃഷ്ടിച്ച ഓരോ വ്യക്തിയും രക്ഷിക്കപ്പെടേണ്ട വിലമതിക്കാനാവാത്ത ജീവിതമാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നതിനു നന്ദി പറയുന്നു.