യേശുവിനായി പുഷ്പിക്കുക
ടൂലിപ് പുഷ്പത്തെക്കുറിച്ചു ഞാന്‍ സത്യസന്ധയായിരുന്നില്ല. ഒരു വിദേശ രാജ്യം സന്ദര്‍ശിച്ച ശേഷം യുഎസിലേക്കു മടങ്ങിയ എന്റെ ഇളയ മകളില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു അവയുടെ കിഴങ്ങുകള്‍. അതിനാല്‍, അവളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ആവേശത്തില്‍, കിഴങ്ങുകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുന്നതായി ഞാന്‍ നടിച്ചു. എന്നാല്‍ ടൂലിപ്സ് എന്റെ ഇഷ്ട പുഷ്പമായിരുന്നില്ല. അവ വളരെ നേരത്തെ പൂക്കുകയും വേഗത്തില്‍ വാടുകയും ചെയ്യുന്നു. മാത്രമല്ല, കടുത്ത ചൂടുള്ള ജൂലൈയിലെ കാലാവസ്ഥ, അവയെ നടാന്‍ പറ്റിയതായിരുന്നില്ല.
എന്നിരുന്നാലും, ഒടുവില്‍, സെപ്റ്റംബര്‍ അവസാനത്തില്‍, ഞാന്‍ ''എന്റെ മകള്‍ നല്കിയ'' കിഴങ്ങുകള്‍ നട്ടു - അവളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് സ്നേഹത്തോടെ അവ നടുകയും ചെയ്തു. കല്ലുനിറഞ്ഞ നിലം ഓരോ പ്രാവശ്യം കിളയ്ക്കുമ്പോഴും കിഴങ്ങുകളെക്കുറിച്ചുള്ള എന്റെ ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. അവ നടാനുള്ള തടം ഒന്നുകൂടെ വൃത്തിയാക്കി, വസന്തകാലത്തു ടൂലിപ് പൂക്കള്‍ കാണാമെന്ന പ്രതീക്ഷയില്‍ ''നന്നായി ഉറങ്ങുക'' എന്നു ഞാന്‍ കിഴങ്ങുകളെ അനുഗ്രഹിച്ചു.
നമ്മള് പരസ്പരം മറ്റുള്ളവരുടെ ''ഇഷ്ടഭാജനങ്ങള്‍'' അല്ലെങ്കിലും പരസ്പരം സ്നേഹിക്കണമെന്ന ദൈവത്തിന്റെ ആഹ്വാനത്തിന്റെ ഒരു എളിയ ഓര്‍മ്മപ്പെടുത്തലായി എന്റെ ചെറിയ പ്രോജക്ട് മാറി. പരസ്പരം മറ്റുള്ളവരുടെ തെറ്റുകളുടെ ''കളകളെ'' അവഗണിക്കുമ്പോള്‍, അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും പരസ്പരം സ്നേഹം പകരാന്‍ ദൈവം നമ്മെ പ്രാപ്തരാക്കുന്നു. തുടര്‍ന്ന്, കാലക്രമേണ, നമ്മുടെ കഴിവിനപ്പുറമായി പരസ്പര സ്നേഹം വിരിയുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര് എന്ന് എല്ലാവരും അറിയും'' (വാ. 35). അടുത്ത വസന്തകാലത്ത് എന്റെ ടൂലിപ് പൂത്തതുപോലെ, യേശുവിനാല്‍ ചെത്തി വെടിപ്പാക്കപ്പെട്ട്, നാമും പൂവണിയും. ആ വാരാന്ത്യത്തില്‍ എന്റെ മകള്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തി. ''എന്താണ് പൂത്തതെന്ന് നോക്കൂ!'' ഞാന്‍ പറഞ്ഞു. ഒടുവില്‍, ഞാന്‍.
പ്രാര്‍ത്ഥന, പൊടി, നക്ഷത്രങ്ങള്‍
അദിതിയും ആകാശും ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചുവെങ്കിലും, അവര്‍ക്കു കുട്ടികളുണ്ടാകുകയില്ലെന്ന് അവരുടെ ഡോക്ടര്‍ പറഞ്ഞു. ''ഞാന്‍ ദൈവവുമായി വളരെ സത്യസന്ധമായ ഒരു സംഭാഷണത്തിനു സമയം കണ്ടെത്തി'' അദിതി തന്റെ സ്നേഹിതയോടു മനസ്സു തുറന്നു. എന്നാല്‍ അത്തരമൊരു ''സംഭാഷണ''ത്തിനു ശേഷമാണ് അവളും ആകാശും അവരുടെ പാസ്റ്ററുമായി സംസാരിച്ചത്. അവരുടെ സഭയിലെ ഒരു ദത്തെടുക്കല്‍ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം ദത്തെടുക്കപ്പെട്ട ഒരു ആണ്‍കുഞ്ഞിനെ നല്കി ദൈവം അവരെ അനുഗ്രഹിച്ചു.
ഉല്പത്തി 15-ല്‍, മറ്റൊരു സത്യസന്ധമായ സംഭാഷണത്തെക്കുറിച്ചു ബൈബിള്‍ പറയുന്നു - ഇത് അബ്രാമും ദൈവവും തമ്മിലുള്ള സംഭാഷണമായിരുന്നു. ദൈവം അവനോടു പറഞ്ഞു, ''അബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ . . . നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു'' (വാ. 1). തന്റെ ഭാവിയെക്കുറിച്ചുള്ള ദൈവിക വാഗ്ദാനങ്ങളെക്കുറിച്ച് ഉറപ്പില്ലാതെ അബ്രാം ഉത്തരം പറഞ്ഞു: ''യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ?'' (വാ. 2).
''ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും'' (ഉല്പത്തി 13:16) എന്നു ദൈവം നേരത്തെ വാഗ്ദത്തം ചെയ്തിരുന്നു. ഇപ്പോള്‍ അബ്രാം - തികച്ചും മാനുഷികമായ ഒരു നിമിഷത്തില്‍ - അതു ദൈവത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക'' എന്ന് അബ്രാമിനോടു പറഞ്ഞുകൊണ്ട്, അവന്റെ സന്തതി എണ്ണുവാന്‍ കഴിയാത്തവിധമായിരിക്കുമെന്ന് അവിടുന്ന് ഉറപ്പുനല്‍കി (ഉല്പത്തി 15:5).
അത്തരം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അനുവദിക്കുക മാത്രമല്ല, അബ്രാമിനെ സൗമ്യമായി ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവം എത്ര നല്ലവനാണ്! പിന്നീട്, ദൈവം അബ്രാമിന്റെ പേര് അബ്രാഹാം (''ബഹുജാതികളുടെ പിതാവ്'') എന്ന് മാറ്റുന്നു. അബ്രാമിനെപ്പോലെ, നിങ്ങള്‍ക്കും എനിക്കും ദൈവവുമായി നമ്മുടെ ഹൃദയം പരസ്യമായി പങ്കിടാനും നമുക്കും മറ്റുള്ളവര്‍ക്കും ഏറ്റവും മികച്ചതു ദൈവം ചെയ്യുമെന്ന് ദൈവത്തില്‍ വിശ്വസിക്കാനും കഴിയും.
ദൈവം നമ്മെ വഹിക്കുന്നു
2015 ല്‍, ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളുണ്ടാകുകയും അനേകരെ അതു ബാധിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു അത്. തന്റെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി അയാള്‍ വീട്ടില്‍ കഴിഞ്ഞെങ്കിലും വെള്ളം ഉയര്‍ന്നതോടെ അവിടം വിടേണ്ടതാവശ്യമായി വന്നു. അയാള്‍ അന്ധനായിരുന്നുവെങ്കിലും എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കേണ്ടതാവശ്യമായിരുന്നു. ഒടുവില്‍ അയാള്‍ കുഞ്ഞിനെ തോളില്‍ കിടത്തി കഴുത്തോളം ആഴമുള്ള വെള്ളത്തിലേക്കു കാലെടുത്തുവച്ചു, അവനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
ഒരു വലിയ പ്രതിസന്ധി നേരിടുന്ന ഒരു ഭൗമിക പിതാവ്, തന്റെ മകനെ സഹായിക്കാന്‍ ഉത്ക്കണ്ഠയുള്ളവനായെങ്കില്‍, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ മക്കളെക്കുറിച്ച് എത്രമാത്രം ശ്രദ്ധാലുവാണെന്നു ചിന്തിക്കുക. പഴയ നിയമത്തില്‍, വിശ്വാസത്തെ തകര്‍ക്കുംവിധമുള്ള അനുഭവങ്ങള്‍ ഉണ്ടായപ്പോഴും ദൈവം തന്റെ ജനത്തെ വഹിച്ചതെങ്ങനെയെന്ന് മോശെ ഓര്‍മ്മിപ്പിച്ചു. ദൈവം എങ്ങനെ അവരെ വിടുവിച്ചുവെന്നും, മരുഭൂമിയില്‍ ഭക്ഷണവും വെള്ളവും നല്‍കിയെന്നും അവരുടെ ശത്രുക്കളോടു യുദ്ധം ചെയ്തുവെന്നും, മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും എങ്ങനെ യിസ്രായേല്യരെ വഴിനടത്തിയെന്നും മോശെ അവരെ ഓര്‍മ്മിപ്പിച്ചു. ദൈവം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പല വഴികളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടു മോശെ പറഞ്ഞു, ''ഒരു മനുഷ്യന് തന്റെ മകനെ വഹിക്കുന്നതുപോലെ ... നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ'' (ആവര്‍ത്തനം 1:31).
മരുഭൂമിയിലൂടെയുള്ള യിസ്രായേല്യരുടെ യാത്ര എളുപ്പമായിരുന്നില്ല, ചില സമയങ്ങളില്‍ അവരുടെ വിശ്വാസം ക്ഷയിച്ചുപോയി. എങ്കിലും അതില്‍ ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും തെളിവുകള്‍ നിറഞ്ഞിരുന്നു. ദൈവം യിസ്രായേലിനെ എങ്ങനെ പരിപാലിച്ചു എന്നതിന്റെ അത്ഭുതകരമായ ചിത്രമാണ് ഒരു പിതാവു മകനെ വഹിക്കുന്നത് - ആര്‍ദ്രതയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ. നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും, അവയുടെ നടുവിലും ദൈവം നമ്മെ വഹിക്കുന്നുണ്ടെന്ന് നമുക്കോര്‍മ്മിക്കാം.
ഏറ്റവും മികച്ച സിംഫണി
എക്കാലത്തെയും ഏറ്റവും മികച്ചതെന്ന് അവര്‍ കരുതുന്ന ഇരുപതു സിംഫണികള്‍ തിരഞ്ഞെടുക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നൂറ്റിയമ്പത്തിയൊന്നു സംഗീതജ്ഞരോട് ഒരു പ്രമുഖ ഇംഗ്ലീഷ് മാഗസിന് ആവശ്യപ്പെട്ടപ്പോള്‍, ബീഥോവന്റെ രചനകളാണ് ഒന്നാം സ്ഥാനത്തു വന്നത്. ''വീരോചിതം'' എന്നര്‍ത്ഥം വരുന്ന രചന, ലോകമെമ്പാടും രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് എഴുതപ്പെട്ടത്. അതിലെല്ലാമുപരി, ബീഥോവന്റെ കേഴ്വിശക്തി ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനെത്തുടര്‍ന്നുണ്ടായ സ്വന്തം പോരാട്ടത്തില്‍ നിന്നുമാണ് ഇതു പുറത്തുവന്നത്. വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യനായിരിക്കുന്നതും ജീവനോടിരിക്കുന്നതും കൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പ്രകടിപ്പിക്കുന്ന വികാരത്തിന്റെ തീവ്രമായ ചാഞ്ചാട്ടത്തെയാണ് സംഗീതം വെളിവാക്കുന്നത്. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വന്യമായ ചാഞ്ചാട്ടത്തിലൂടെയും തുടര്‍ന്നുള്ള വിജയത്തിലൂടെയും ബീഥോവന്റെ മൂന്നാം സിംഫണി, മനുഷ്യാത്മാവിനുള്ള കാലാതീതമായ ശ്രദ്ധാഞ്ജലിയായി കണക്കാക്കപ്പെടുന്നു.
കൊരിന്ത്യര്‍ക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം, സമാനമായ കാരണങ്ങളാല്‍ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു. സംഗീത സ്കോറുകളെക്കാള്‍ വ്യത്യസ്തമായി പ്രചോദനാത്മകമായ വാക്കുകളിലൂടെ, അത് അനുഗ്രഹത്തില്‍ ഉച്ചസ്ഥായിയിലാകുകയും (1:4-9), ആത്മാവിനെ തകര്‍ക്കുന്ന സംഘര്‍ഷത്തിന്റെ സങ്കടത്തില്‍ താഴുകയും ചെയ്യുന്നു (11:17-22), ഒപ്പം പരസ്പര നന്മയ്ക്കും ദൈവത്തിന്റെ മഹത്വത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വരലബ്ധരായ ആളുകളുടെ ഐക്യത്തില്‍ വീണ്ടും ഉയരുകയും ചെയ്യുന്നു (12:6-7).
ദൈവാത്മാവിനുള്ള ആദരവായി നമ്മുടെ ആത്മാവിന്റെ വിജയത്തെ ഇവിടെ നാം കാണുന്നു എന്നതാണ് വ്യത്യാസം. ക്രിസ്തുവിന്റെ വിവരണാതീതമായ സ്നേഹം ഒരുമിച്ചനുഭവിക്കാന്‍ പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നതോടൊപ്പം, നമ്മുടെ പിതാവിനാല്‍ വിളിക്കപ്പെട്ടവരും തന്റെ പുത്രനാല്‍ നയിക്കപ്പെട്ടവരും തന്റെ ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടവരുമായി നമ്മെത്തന്നെ കാണാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു - ഇതു ശബ്ദമുണ്ടാക്കുന്നതിനുവേണ്ടിയല്ല, ഏറ്റവും വലിയ സിംഫണിയിലേക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന നല്കുന്നതിനുവേണ്ടിയാണ്.
ദൈവത്തിന്റെ സഹായം തേടുക
1800-കളുടെ അവസാനത്തെ അഞ്ചുവര്‍ഷക്കാലം, വെട്ടുക്കിളികള്‍ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചു. കര്‍ഷകര്‍ വെട്ടുക്കിളികളെ ടാറില്‍ കുടുക്കി നശിപ്പിക്കുകയും അവയുടെ മുട്ടകള്‍ നശിപ്പിക്കുന്നതിനായി വയലുകള്‍ക്കു തീയിടുകയും ചെയ്തു. നിരാശിതരും, പട്ടിണിയുടെ വക്കിലെത്തിയവരുമായി, അനേകയാളുകള്‍ ഒന്നിച്ച് ദൈവത്തിന്റെ സഹായം തേടാന്‍ ആഗ്രഹിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു. ഗവര്‍ണര്‍ സമ്മതിക്കുകയും ഏപ്രില്‍ 26 പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിക്കുകയും ചെയ്തു.
കൂട്ടായ പ്രാര്‍ത്ഥന കഴിഞ്ഞുള്ള ദിവസങ്ങളില്‍, കാലാവസ്ഥ ചൂടുള്ളതാകുകയും മുട്ടകള്‍ വിരിയുകയും ചെയ്തു. എന്നാല്‍ നാലു ദിവസത്തിനുശേഷം താപനിലയിലുണ്ടായ ഇടിവ് പലരെയും ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു, കാരണം തണുത്തുറഞ്ഞ താപനില ലാര്‍വകളെ നശിപ്പിച്ചു. ജനങ്ങള്‍ക്കു വീണ്ടും ചോളം, ഗോതമ്പ്, ഓട്സ് എന്നിവ വിളവെടുക്കാന്‍ കഴിഞ്ഞു.
യെഹോശാഫാത്ത് രാജാവിന്റെ ഭരണകാലത്ത് ദൈവജനത്തെ രക്ഷിച്ചതിനു പിന്നിലും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. തനിക്കെതിരെ ഒരു വലിയ സൈന്യം വരുന്നുണ്ടെന്നു രാജാവ് അറിഞ്ഞപ്പോള്‍, പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും അദ്ദേഹം ദൈവജനത്തെ വിളിച്ചുകൂട്ടി. കഴിഞ്ഞ കാലങ്ങളില്‍ ദൈവം അവരെ രക്ഷിച്ചതെങ്ങനെയെന്ന് ആളുകള്‍ ദൈവത്തെ ഓര്‍മ്മപ്പെടുത്തി. ''ന്യായവിധിയുടെ വാള്, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു ... നിലവിളിക്കുകയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും'' (2 ദിനവൃത്താന്തം 20:9).
ആക്രമിക്കാന്‍ വന്ന സൈന്യത്തില്‍ നിന്നു ദൈവം തന്റെ ജനത്തെ രക്ഷിച്ചു. ദുരിതത്തില്‍ നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ എന്തുതന്നെയായാലും - ഒരു ബന്ധ പ്രശ്നമോ പ്രകൃതിയില്‍ നിന്നുയരുന്ന ഭീഷണിയോ - അതു പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക. അവിടുത്തേക്ക് ഒന്നും കഠിനമല്ല.