2009 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയായ ദി ബ്ലൈൻഡ് സൈഡ്, ഭവനരഹിതനായ ഒരു കൗമാരക്കാരനായ മൈക്കിൾ ഓഹറിന്റെ യഥാർത്ഥ കഥ വിവരിക്കുന്നു. ഒരു കുടുംബം അവനെ സ്വീകരിക്കുകയും പഠന ബുദ്ധിമുട്ടുകൾ മറികടന്ന് അമേരിക്കൻ ഫുട്ബോളിൽ മികവ് നേടാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. ഒരു രംഗത്തിൽ, മാസങ്ങളോളം മൈക്കിൾ അവരോടൊപ്പം താമസിച്ചതിനു ശേഷം അവനെ ദത്തെടുക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കുടുംബം അവനോടു സംസാരിക്കുന്നു. മധുരവും ആർദ്രവുമായ മറുപടിയിൽ, താൻ ഇതിനകം തന്നെ കുടുംബത്തിന്റെ ഭാഗമാണെന്നാണു താൻ കരുതിയതെന്ന് മൈക്കിൾ വിളിച്ചുപറയുന്നു!
ദത്തെടുക്കൽ ഒരു മനോഹരമായ കാര്യമായിരിക്കുന്നതുപോലെ, ഇതും മനോഹരമായ ഒരു നിമിഷമാണ്. ഒരു കുടുംബം ഒരു പുതിയ അംഗത്തിനായി കരങ്ങൾ തുറക്കുമ്പോൾ, സ്നേഹം വിശാലമാകുകയും പൂർണ്ണമായ അംഗീകരണം വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. മൈക്കിളിന്റെ ജീവിതത്തെ ആഴത്തിൽ മാറ്റിമറിച്ചതുപോലെ, ദത്തെടുക്കൽ ജീവിതങ്ങളെ മാറ്റിമറിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നതിലൂടെ, വിശ്വാസികൾ ”ദൈവമക്കളായി” തീരുന്നു (ഗലാത്യർ 3:26). ദൈവം നമ്മെ ദത്തെടുക്കുകയും നാം അവന്റെ പുത്രന്മാരും പുത്രിമാരും ആകുകയും ചെയ്യുന്നു (4:5). ദൈവത്തിന്റെ ദത്തുപുത്രന്മാരെന്ന നിലയിൽ, നാം അവിടുത്തെ പുത്രന്റെ ആത്മാവിനെ സ്വീകരിക്കുകയും, ദൈവത്തെ നാം ”പിതാവ്” (വാ. 6) എന്നു വിളിക്കുകയും, നാം അവിടുത്തെ അവകാശികളും (വാ. 7) ക്രിസ്തുവിനു കൂട്ടവകാശികളും (റോമർ 8:17) ആയിത്തീരുകയും ചെയ്യുന്നു. നാം അവന്റെ കുടുംബത്തിലെ പൂർണ്ണ അംഗങ്ങളായിത്തീരുന്നു.
മൈക്കിൾ ഓഹർ ദത്തെടുക്കപ്പെട്ടപ്പോൾ, അത് അവന്റെ ജീവിതത്തെയും സ്വത്വത്തെയും ഭാവിയെയും മാറ്റിമറിച്ചു. നാം ദൈവത്താൽ ദത്തെടുക്കപ്പെടുമ്പോൾ ഇതിലും എത്രയോ അധികമാണു സംഭവിക്കുക! അവിടുത്തെ നാം പിതാവായി അറിയുന്നതിനനുസരിച്ച് നമ്മുടെ ജീവിതം മാറുന്നു. നാം അവിടുത്തെ വകയായതിനാൽ നമ്മുടെ സ്വത്വം മാറുന്നു. നമുക്കു മഹത്തായതും ശാശ്വതവുമായ ഒരു അവകാശം വാഗ്ദാനം ചെയ്യപ്പെടുന്നതിനാൽ നമ്മുടെ ഭാവി മാറുന്നു.
ഒരു ദൈവപൈതലായിരിക്കുന്നത് നിങ്ങളുടെ സ്വത്വത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ഏത് രീതിയിലാണ് ഇത് നിങ്ങൾ നിങ്ങളെത്തന്നെ കാണുന്ന രീതിയെ മാറ്റുന്നത്?
പിതാവേ, എന്നെ അങ്ങയുടെ വകയാക്കിയതിനു നന്ദി. അങ്ങയുടെ പൈതലെന്ന നിലയിൽ ഞാനാരാണെന്നു മനസ്സിലാക്കുവാൻ എന്നെ സഹായിക്കണമേ.