അർദ്ധ മാരത്തണിലെ യുഎസ് റെക്കോർഡ് ഉടമയാണ് ഒളിമ്പിക് ഓട്ടക്കാരനായ റയാൻ ഹാൾ. മത്സര ദൂരമായ 13.1 മൈൽ (21 കിലോമീറ്റർ) അമ്പത്തിയൊമ്പത് മിനിറ്റും നാൽപത്തിമൂന്ന് സെക്കൻഡും എന്ന ശ്രദ്ധേയമായ സമയത്തിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കി, ഒരു മണിക്കൂറിനുള്ളിൽ ഓട്ടം നടത്തിയ ആദ്യത്തെ യുഎസ് അത്‌ലറ്റായി. റെക്കോർഡ് സൃഷ്ടിച്ച വിജയങ്ങൾ ഹാൾ ആഘോഷിക്കുമ്പോൾ തന്നേ, ഒരു ഓട്ടം പൂർത്തിയാക്കാൻ കഴിയാഞ്ഞതിന്റെ നിരാശയും അദ്ദേഹം അറിഞ്ഞിരുന്നു. 

വിജയവും പരാജയവും ആസ്വദിച്ചിട്ടുള്ള ഹാൾ, തന്നെ നിലനിർത്തുന്നത് യേശുവിലുള്ള തന്റെ വിശ്വാസമാണെന്ന് ഏറ്റുപറയുന്നു. സദൃശവാക്യങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബൈബിൾ വാക്യങ്ങളിലൊന്നായ ”നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും” (24:16) തനിക്കുള്ള പ്രോത്സാഹജനകമായ ഓർമ്മപ്പെടുത്തലാണ്. ദൈവത്തിൽ വിശ്വസിക്കുകയും അവനുമായി ശരിയായ ബന്ധം പുലർത്തുകയും ചെയ്യുന്ന നീതിമാന്മാർക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്ന് ഈ സദൃശവാക്യംനമ്മെ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും, പ്രയാസങ്ങൾക്കിടയിലും അവർ അവനെ അന്വേഷിക്കുന്നത് തുടരുമ്പോൾ, ഉയിർത്തെഴുന്നേൽക്കാനുള്ള ശക്തി നൽകുന്നതിനു ദൈവം വിശ്വസ്തനാണ്. 

നിങ്ങൾ അടുത്തയിടെ, ഒരു വിനാശകരമായ നിരാശയോ പരാജയമോ അനുഭവിക്കുകയും നിങ്ങൾക്ക് ഒരിക്കലും ഒരു മടങ്ങിവരവുണ്ടാകയില്ലെന്നു ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ? നാം നമ്മുടെ ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തിലും അവിടുത്തെ വാഗ്ദത്തങ്ങളിലും തുടർന്നും ആശ്രയിക്കണമെന്ന് തിരുവെഴുത്തു നമ്മെ ഉത്സാഹിപ്പിക്കുന്നു. നാം അവനിൽ വിശ്വസിക്കുമ്പോൾ, ഈ ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രയാസങ്ങളെയും – നിസ്സാരമായവ മുതൽ ഗൗരവമെന്നു തോന്നുന്ന പോരാട്ടങ്ങൾ വരെ – നേരിടുന്നതിനുള്ള ശക്തി ദൈവാത്മാവ് നമുക്കു നൽകുന്നു (2 കൊരിന്ത്യർ 12:9).