ഞങ്ങൾ ഞങ്ങളെത്തന്നെ ”ക്രിസ്തുവിലുള്ള സഹോദരിമാർ” എന്നാണു വിളിച്ചിരുന്നത്, പക്ഷേ ഞാനും വെള്ളക്കാരിയായ എന്റെ സുഹൃത്തും ശത്രുക്കളെപ്പോലെയാണു പെരുമാറിയിരുന്നത്. ഒരു പ്രഭാതത്തിൽ, ഒരു കഫേയിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, ഞങ്ങളുടെ വ്യത്യസ്തമായ വംശീയ വീക്ഷണങ്ങളെക്കുറിച്ച് ഞങ്ങൾ ദയാരഹിതമായി വാദിച്ചു. തുടർന്ന് ഇനി പരസ്പരം വീണ്ടും കാണുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. എന്നിരുന്നാലും ഒരു വർഷം കഴിഞ്ഞ്, അതേ സംഘടന ഞങ്ങളെ രണ്ടുപേരെയും വീണ്ടും വിളിച്ചു – ഒരേ വകുപ്പിൽ, പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിൽ. ആദ്യമൊക്കെ പരിഭ്രമത്തോടെ, ഞങ്ങൾ പൊരുത്തക്കേടുകളെക്കുറിച്ച് സംസാരിച്ചുതുടങ്ങി. കാലക്രമേണ, പരസ്പരം ക്ഷമ ചോദിക്കാനും സൗഖ്യം പ്രാപിക്കാനും ശുശ്രൂഷയ്ക്ക് ഞങ്ങളുടെ മികച്ച സേവനം നൽകാനും ദൈവം ഞങ്ങളെ സഹായിച്ചു.
ഏശാവിനും അവന്റെ ഇരട്ടസഹോദരനായ യാക്കോബിനും ഇടയിലുള്ള കടുത്ത ഭിന്നതയെ ദൈവം സുഖപ്പെടുത്തി, അവരുടെ രണ്ടുപേരുടെയും ജീവിതത്തെ അനുഗ്രഹിച്ചു. ഒരുകാലത്ത്, സൂത്രശാലിയായിരുന്ന യാക്കോബ് ഏശാവിനു ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം തട്ടിയെടുത്തു. എന്നാൽ ഇരുപതു വർഷത്തിനുശേഷം, ജന്മനാട്ടിലേക്കു മടങ്ങാൻ ദൈവം യാക്കോബിനെ വിളിച്ചു. അതിനാൽ, ഏശാവിനെ പ്രീണിപ്പിക്കാൻ യാക്കോബ് ധാരാളം സമ്മാനങ്ങൾ കൊടുത്തയച്ചു. എന്നാൽ ”ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു” (ഉല്പത്തി 33:4).
നമ്മുടെ യാഗങ്ങൾ – കഴിവുകളും സമ്പത്തും – ദൈവത്തിനു സമർപ്പിക്കുന്നതിനുമുമ്പ് ഒരു സഹോദരനോടോ സഹോദരിയോടോ ഉള്ള കോപം പറഞ്ഞു തീർക്കാൻ ദൈവം പ്രേരിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി അവരുടെ പുനഃസമാഗമം നിലകൊള്ളുന്നു (മത്തായി 5:23-24). ”നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നുകൊള്ളുക; പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്കുക” (വാ. 24). ഏശാവുമായി അനുരഞ്ജനത്തിലൂടെയും പിന്നീട് കർത്താവിന് ഒരു യാഗപീഠം പണിതും യാക്കോബ് ദൈവത്തെ അനുസരിച്ചു (ഉല്പത്തി 33:20). എന്തൊരു മനോഹരമായ ക്രമം: ആദ്യം ക്ഷമിക്കുന്നതിനും അനുരഞ്ജനത്തിനുമായി പരിശ്രമിക്കുക. തുടർന്ന് അവിടുത്തെ യാഗപീഠത്തിൽ, അവൻ നമ്മെ സ്വീകരിക്കുന്നു.
ആർക്കെതിരെയാണ് നിങ്ങൾ പകയോ വിദ്വേഷമോ വെച്ചുപുലർത്തുന്നത്? നിരപ്പു പ്രാപിക്കുന്നതിന് എന്തു നടപടികളാണ് നിങ്ങൾക്കു സ്വീകരിക്കുവാൻ കഴിയുക?
പ്രിയ ദൈവമേ, മറ്റൊരു വിശ്വാസിക്കെതിരെ ഞാൻ കഠിനമായ വികാരങ്ങൾ വെച്ചുപുലർത്തുമ്പോൾ, അങ്ങയുടെ യാഗപീഠത്തിലേക്കുള്ള വഴിയിലായിരിക്കുമ്പോൾ തന്നേ, ആദ്യം ക്ഷമിക്കാൻ എന്നെ പ്രേരിപ്പിക്കണമേ.