കരീബിയയിലെ കൊച്ചു ദ്വീപായ എല്യൂതെറയിലെ ഒരു മനുഷ്യനിർമ്മിത പാലത്തിൽ നിന്നുകൊണ്ട്, അറ്റ്ലാന്റിക് സമുദ്രത്തിലെ ഇളകിമറിയുന്ന കരിനീല ജലവും കരീബിയൻ കടലിലെ ശാന്തമായ ഇളംപച്ച ജലവും തമ്മിലുള്ള വ്യത്യാസത്തെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും. ഒരുകാലത്ത് ഇവയെ തമ്മിൽ വേർതിരിച്ചിരുന്ന വീതികുറഞ്ഞ ഭൂഭാഗത്തെയും പ്രകൃതിനിർമ്മിതമായ കൽകമാനത്തെയും കാലക്രമേണ കൊടുങ്കാറ്റ് തുടച്ചുനീക്കി. അതിനു പകരം നിർമ്മിക്കപ്പെട്ടതും എല്യൂതെറയിലെ വിനോദസഞ്ചാര ആകർഷണമായി വർത്തിക്കുന്നതുമായ കണ്ണാടി ജനൽ പാലം ”ഭൂമിയിലെ ഏറ്റവും ഇടുങ്ങിയ സ്ഥലം” എന്നറിയപ്പെടുന്നു.
നിത്യജീവനിലേക്ക് നയിക്കുന്ന വഴി ഇടുങ്ങിയതാണെന്നും ”അത് കണ്ടെത്തുന്നവർ ചുരുക്കമാണ്” എന്നും ബൈബിൾ വിവരിക്കുന്നു (മത്തായി 7:14). വാതിൽ ഇടുങ്ങിയതായിരിക്കുന്നതിന്റെ കാരണം, വീണുപോയ മനുഷ്യനെയും പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അനുരഞ്ജിപ്പിക്കാൻ കഴിയുന്ന ഏക പാലം ദൈവപുത്രനാണ് എന്നതാണ് (വാ. 13-14; യോഹന്നാൻ 10: 7-9; 16:13 കാണുക). എന്നിരുന്നാലും, എല്ലാ ജാതികളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സാമൂഹിക പദവിയിൽ നിന്നുമുള്ള വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നും രാജാധിരാജാവിന്റെ മുമ്പിൽ വണങ്ങുകയും അവന്റെ സിംഹാസനത്തിനു ചുറ്റും നിന്ന് ആരാധിക്കുകയും ചെയ്യുമെന്നും തിരുവെഴുത്ത് പറയുന്നു (വെളിപ്പാട് 5:9). വൈരുദ്ധ്യത്തിന്റെയും ഐക്യത്തിന്റെയും ഈ അസാധാരണമായ ചിത്രത്തിൽ ദൈവത്തിന്റെ മനോഹരമാംവിധം വൈവിധ്യമാർന്ന സകല ആളുകളും ഉൾപ്പെടുന്നു.
നമ്മുടെ പാപത്താൽ നാം ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ടെങ്കിലും, ദൈവം സൃഷ്ടിച്ച ഓരോ വ്യക്തിയെയും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ലഭ്യമായ നിരപ്പിന്റെ ഈ ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിലെ നിത്യതയിലേക്കു പ്രവേശിക്കാൻ ദൈവം ക്ഷണിക്കുന്നു. ക്രൂശിലെ അവന്റെ പരമയാഗം, കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, സ്വർഗ്ഗാരോഹണം എന്നിവയാണ് സുവാർത്ത. അത് എല്ലാവർക്കും ലഭ്യമായതും ഇന്നും എല്ലാ ദിവസവും പങ്കിടേണ്ടതുമായ സുവാർത്തയാണ്.
സുവാർത്ത കേട്ട ശേഷം നിങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്? മറ്റുള്ളവരുമായി സുവാർത്ത പങ്കുവയ്ക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ കൂടുതൽ മനപ്പൂർവ്വമായി പ്രവർത്തിക്കാൻ കഴിയും?
പിതാവായ ദൈവമേ, ഞങ്ങൾക്കു പ്രവേശനമുള്ളതും അങ്ങയുടെ പുത്രനായ യേശുവിലേക്ക് നയിക്കുന്നതുമായ ആ പാത മറ്റുള്ളവരെ കാണിക്കാൻ എനിക്കു കഴിയേണ്ടതിന് ദയവായി അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ ശക്തീകരിക്കണമേ.