”അവന്റെ പദ്ധതി എനിക്കു മനസ്സിലാകുന്നില്ല. ഞാൻ എന്റെ ജീവിതം മുഴുവനായി അവനു നൽകി. ഒടുവിൽ ഇതാണു സംഭവിക്കുന്നത്!” ഒരു പ്രൊഫഷണൽ അത്ലറ്റാകാനുള്ള ആഗ്രഹം താൽക്കാലികമായി തടസ്സപ്പെട്ടപ്പോൾ ഒരു മകൻ അമ്മയ്ക്കയച്ച സന്ദേശമാണിത്. നമ്മുടെ മനസ്സിനെ അതിശയത്തിലേക്കും ചോദ്യങ്ങളിലേക്കും നയിക്കുന്ന അപ്രതീക്ഷിതവും നിരാശാജനകവുമായ അനുഭവങ്ങൾ നമ്മിലാർക്കാണ് ഉണ്ടാകാത്തത്? ഒരു കുടുംബാംഗം വിശദീകരണം കൂടാതെ നമ്മോടു സംസാരിക്കുന്നതു നിർത്തുന്നു; ആരോഗ്യം വിപരീത ദിശയിലേക്കു നീങ്ങുന്നു; ഒരു കമ്പനി അപ്രതീക്ഷിതമായി മാറ്റി സ്ഥാപിക്കപ്പെടുന്നു; ജീവിതത്തെ മാറ്റിമറിക്കുന്ന ഒരപകടം സംഭവിക്കുന്നു.
ഇയ്യോബിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളുടെയും തിരിച്ചടികളുടെയും പരമ്പരയെക്കുറിച്ച് ഇയ്യോബ് 1, 2 അധ്യായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. മാനുഷികമായി പറഞ്ഞാൽ, പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതത്തിന് അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ, അത് ഇയ്യോബായിരുന്നു. ”അവൻ നിഷ്കളങ്കനുംനേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു” (ഇയ്യോബ് 1:1). എന്നാൽ ജീവിതം എല്ലായ്പ്പോഴും നാം ആഗ്രഹിക്കുന്ന രീതിയിലല്ല പ്രവർത്തിക്കുന്നത് – അത് ഇയ്യോബിനും അങ്ങനെയായിരുന്നില്ല, നമുക്കും അങ്ങനെയായിരിക്കയില്ല. ”ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളയുക” എന്ന് ഭാര്യ ഉപദേശിച്ചപ്പോൾ (2:9), അവളോടുള്ള ഇയ്യോബിന്റെ വാക്കുകൾ ബുദ്ധിപൂർവ്വവും പ്രബോധനാത്മകവും അഭിമുഖീകരിക്കാൻ നാം മടിക്കുന്ന വലിയതോ ചെറിയതോ ആയ കാര്യങ്ങൾ സംഭവിക്കുമ്പോൾ നമുക്കും അനുവർത്തിക്കാൻ കഴിയുന്നതുമായിരുന്നു: ”നാം ദൈവത്തിന്റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല” (വാ. 10).
ജീവിതത്തിലെ ദുഷ്കരമായ ദിനങ്ങളിൽ, ദൈവം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോഴും, അവിടുത്തെ ശക്തിയാൽ, അവങ്കലുള്ള നമ്മുടെ വിശ്വാസവും അവിടുത്തോടുള്ള ബഹുമാനവും നിലനിർത്താൻ നമുക്കു കഴിയട്ടെ.
ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എപ്പോഴാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്? കഠിനമായ സാഹചര്യങ്ങളിൽ അവിടുത്തോടുള്ള നിങ്ങളുടെ ഭക്തിക്കു ഭംഗം വരാതെയിരിക്കാൻ സഹായിക്കുന്നതിന് അവിടുന്ന് എന്താണ് ഉപയോഗിച്ചത്?
പിതാവേ, എനിക്കു അങ്ങയുടെ കരം കാണാനോ അങ്ങയുടെ പദ്ധതി മനസ്സിലാക്കാനോ കഴിയാതെയിരിക്കുമ്പോൾ പോലും, അങ്ങയിൽ ആശ്രയിക്കുവാനും അങ്ങയെ ബഹുമാനിക്കുവാനും എന്നെ സഹായിക്കണമേ.
ദൈവം കഷ്ടപ്പാടുകളെ അനുവദിക്കുന്നത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചു കൂടുതലറിയുവാൻ ChristianUniversity.org/CA211 സന്ദർശിക്കുക.