ഞങ്ങളുടെ മകനെ ഞങ്ങൾ ദത്തെടുക്കുന്നതിനുമുമ്പ്, അവന്റെ ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ ഒരു ചിൽഡ്രൻസ് ഹോമിലാണ് ചെലവഴിച്ചത്. വീട്ടിലേക്കു പോകാനായി ആ തകർന്ന കെട്ടിടം വിടുന്നതിനുമുമ്പ്, അവന്റെ സാധനങ്ങൾ എടുക്കാൻ ഞങ്ങളവനോടു പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, അവന് ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ അവനുവേണ്ടി കൊണ്ടുവന്ന പുതിയ വസ്ത്രങ്ങൾ അവൻ ധരിക്കുകയും മറ്റു കുട്ടികൾക്കായി കുറച്ചു വസ്ത്രങ്ങൾ നൽകുകയും ചെയ്തു. അവന്റെ കുറവുള്ള അവസ്ഥ എന്നെ ദുഃഖിതയാക്കിയെങ്കിലും, അവന്റെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവനെ സഹായിക്കാൻ ഞങ്ങൾക്കിപ്പോൾ കഴിയും എന്നതിൽ ഞാൻ സന്തോഷിച്ചു.

കുറച്ചു വർഷങ്ങൾക്കു ശേഷം, ഒരു വ്യക്തി, ഞെരുക്കത്തിലിരിക്കുന്ന കുടുംബങ്ങൾക്കായി സംഭാവന ചോദിക്കുന്നത് ഞങ്ങൾ കണ്ടു. അവരെ സഹായിക്കുന്നതിനായി തന്റെ സ്റ്റഫ് ചെയ്ത മൃഗങ്ങളെയും കുറച്ച് നാണയങ്ങളും ദാനം ചെയ്യാൻ എന്റെ മകൻ ഉത്സുകനായിരുന്നു. അവന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, തന്റെ വസ്തുവകകൾ മുറുകെ പിടിക്കാനുള്ള പ്രവണതയാണ് അവൻ കാണിക്കേണ്ടിയിരുന്നത്.

അവന്റെ ഉദാരമായ പ്രതികരണത്തിന്റെ കാരണം, ആദ്യകാല സഭയുടേതിനു സമാനമാണെന്ന് ഞാൻ കരുതുന്നു: ”എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു” എന്നതിനാൽ അവരുടെ ഇടയിൽ ആവശ്യക്കാർ ആരുമുണ്ടായിരുന്നില്ല (പ്രവൃ. 4:33-34). പരസ്പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകൾ സ്വന്തം സ്വത്തുക്കൾ മനപ്പൂർവ്വമായി വിറ്റു. 

മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് – ഭൗതികമോ അദൃശ്യമോ ആയ – നാം ബോധവാന്മാരാകുമ്പോൾ, ഭൗതികമായാലും അദൃശ്യമായാലും, അവർ ചെയ്തതുപോലെ നാം പ്രതികരിക്കുകയും ആവശ്യമുള്ളവർക്ക് മനപ്പൂർവ്വം നൽകുകയും ചെയ്യുന്നതിനായി ദൈവകൃപ നമ്മിലും ശക്തമായി പ്രവർത്തിക്കട്ടെ. ”ഏകഹൃദയവും ഏകമനസ്സും ഉള്ള” (വാ. 32) യേശുവിലുള്ള സഹവിശ്വാസികളെന്ന നിലയിൽ ദൈവത്തിന്റെ കൃപയുടെ പാത്രങ്ങളാകാൻ ഇതു നമ്മെ സഹായിക്കും.