1907 ഡിസംബർ 6 ന്, യുഎസ് സംസ്ഥാനമായ വെസ്റ്റ് വിർജീനിയയിലെ ഒരു ചെറിയ സമൂഹത്തെ അവിടെയുണ്ടായ സ്ഫോടനങ്ങൾ തകർത്തുകളഞ്ഞു; കൽക്കരി ഖനന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏകദേശം 360 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ ഭീകരമായ ദുരന്തം 250 സ്ത്രീകളെ വിധവകളാക്കുകയും 1,000 കുട്ടികളെ പിതാക്കന്മാരില്ലാത്തവരാക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത അനുസ്മരണ സമ്മേളനമാണ് പില്ക്കാലത്ത് യുഎസിൽ പിതൃദിനം (ഫാദേഴ്സ് ഡേ) ആഘോഷിക്കുന്നതിനു മുഖാന്തരമായിത്തീർന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. വലിയ നഷ്ടത്തിൽ നിന്ന് അനുസ്മരണവും – ഒടുവിൽ – ആഘോഷവും പിറവിയെടുത്തു.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിനെ ക്രൂശിച്ചപ്പോഴാണ്. എന്നിരുന്നാലും, ആ ഇരുണ്ട നിമിഷം അനുസ്മരണവും ആഘോഷവും ഉളവാക്കി. ക്രൂശിലേക്കു പോകുന്നതിന്റെ തലേദിവസം രാത്രി, യേശു യിസ്രായേലിന്റെ പെസഹയുടെ ഘടകങ്ങൾ എടുത്ത് സ്വന്തം സ്മാരക ആഘോഷം സൃഷ്ടിച്ചു. ലൂക്കൊസിന്റെ രേഖ ഈ രംഗത്തെ ഇപ്രകാരം വിവരിക്കുന്നു: ”അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ എന്നു പറഞ്ഞു” (ലൂക്കൊസ് 22:19).
ഇന്നും, നാം കർത്താവിന്റെ മേശയിൽ പങ്കുകൊള്ളുമ്പോഴെല്ലാം, നമ്മോടുള്ള അവിടുത്തെ മഹത്തും അചഞ്ചലവുമായ സ്നേഹത്തെ ബഹുമാനിക്കുന്നു – നമ്മെ രക്ഷിക്കുന്നതിനു കൊടുക്കേണ്ടിവന്ന വിലയെ അനുസ്മരിക്കുകയും അവിടുത്തെ ത്യാഗം നേടിത്തന്ന ജീവന്റെ ദാനത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ചാൾസ് വെസ്ലി തന്റെ മഹത്തായ ഗാനത്തിൽ പറഞ്ഞതുപോലെ, ”അതിശയകരമായ സ്നേഹം! എങ്ങനെ എന്റെ ദൈവമേ, എനിക്കു വേണ്ടി മരിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞു?”
കർത്താവിന്റെ മേശയിൽ പങ്കുകൊള്ളുമ്പോൾ എത്രപ്രാവശ്യമാണ് നിങ്ങൾ ആ സംഭവങ്ങളിലൂടെ കടന്നുപോകുന്നത്? ക്രൂശിൽ നിങ്ങളുടെ ശ്രദ്ധ നിലനിർത്തുന്നതിനുള്ള ചില വഴികൾ എന്തൊക്കെയാണ്?
പിതാവേ, ഞാൻ തിരുമേശയുടെ മുമ്പിൽ വരുമ്പോൾ, എന്റെ പാപമോചനം എത്രമാത്രം ചിലവേറിയതായിരുന്നുവെന്ന് ഓർമ്മിക്കാനും, ഒപ്പം അങ്ങയുടെ മഹത്തും വിസ്മയകരവുമായ സ്നേഹത്തെ ആഘോഷിക്കുവാനും എന്നെ സഹായിക്കണമേ.