കൃഷിക്കാരൻ തന്റെ ട്രക്കിൽ കയറി വിളകളുടെ പ്രഭാത പരിശോധന ആരംഭിച്ചു. വസ്തുവിന്റെ അങ്ങേയറ്റത്തെത്തിയപ്പോൾ അയാളുടെ രക്തം തിളക്കാൻ തുടങ്ങി. ആരോ നിയമവിരുദ്ധമായി വീണ്ടും അവിടെ മാലിന്യം കൊണ്ടിട്ടിരിക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ ബാഗുകൾ ട്രക്കിൽ നിറച്ചുകൊണ്ടിരുന്നപ്പോൾ, കർഷകൻ ഒരു കവർ കണ്ടെത്തി. അതിൽ കുറ്റവാളിയുടെ വിലാസം അച്ചടിച്ചിരുന്നു. അവഗണിക്കാൻ കഴിയാത്തവിധം വളരെ നല്ല ഒരു അവസരം ഇതാ. ആ രാത്രിയിൽ അയാൾ കുറ്റവാളിയുടെ വീട്ടിലേക്കു പോയി, മാലിന്യം മുഴുവനും അയാളുടെ തോട്ടത്തിൽ നിക്ഷേപിച്ചു, അയാളുടേതു മാത്രമല്ല, തന്റേതും!
പ്രതികാരം മധുരതരമാണ് എന്നു ചിലർ പറയുന്നു. പക്ഷേ അതു ശരിയാണോ? 1 ശമൂവേൽ 24 ൽ, കൊലപാതകിയായ ശൗൽ രാജാവിൽ നിന്ന് രക്ഷപ്പെടാനായി ദാവീദും കൂട്ടരും ഒരു ഗുഹയിൽ ഒളിച്ചിരുന്നു. വിശ്രമിക്കുന്നതിനായി ശൗൽ അതേ ഗുഹയിലേക്കു കടന്നപ്പോൾ, ദാവീദിനു തീരെ അവഗണിക്കാൻ കഴിയാത്ത, പ്രതികാരത്തിനുള്ള വളരെ നല്ല അവസരമാണ് ദാവീദിന്റെ ആളുകൾ അതിൽ കണ്ടത് (വാ. 3-4). എന്നാൽ, അവസരം മുതലാക്കാനുള്ള ഈ ആഗ്രഹത്തെ ദാവീദ് എതിർത്തു. ”എന്റെ യജമാനന്റെ നേരെ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ” (വാ. 6). ദാവീദ് തന്റെ ജീവൻ രക്ഷിക്കുന്നതാണ് തിരഞ്ഞെടുത്തതെന്ന് ശൗൽ കണ്ടെത്തിയപ്പോൾ അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല: ”നീ എന്നെക്കാൾ നീതിമാൻ,” ശൗൽ ഏറ്റുപറഞ്ഞു (വാ. 17-18).
നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ അനീതി നേരിടുമ്പോൾ, കുറ്റവാളികളോടു പ്രതികാരം ചെയ്യാനുള്ള അവസരങ്ങൾ വന്നേക്കാം. കൃഷിക്കാരൻ ചെയ്തതുപോലെ, നാം ഈ മോഹങ്ങൾക്ക് വഴങ്ങുമോ അതോ ദാവീദിനെപ്പോലെ അവയെ ചെറുക്കുമോ? പ്രതികാരത്തിനു പകരം നാം യോഗ്യമായ പാത തിരഞ്ഞെടുക്കുമോ?
എപ്പോഴാണ് മറ്റൊരാളോടു പ്രതികാരം ചെയ്യാൻനിങ്ങൾക്ക് ഏറ്റവും കൂടുതൽ തോന്നിയിട്ടുള്ളത്? നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി നീതി തേടുമ്പോൾ എങ്ങനെയാണ് ദാവീദിന്റെ പ്രതികരണം നിങ്ങൾക്കു വഴികാട്ടിയായിത്തീരുന്നത്?
ഞങ്ങളുടെ ശത്രുക്കളെയും സ്നേഹിക്കുന്ന യേശുവേ, ഞാൻ അങ്ങയുടെ വഴിയിൽ നീതി തേടട്ടെ.
ക്ഷമയിൽ വ്യക്തിപരമായ സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ച് കൂടുതലറിയാൻ, ChristianUniveristy.org/SF107 സന്ദർശിക്കുക.