ഡൈ്വറ്റ് മൂഡി (1837-99) ക്രിസ്തുവിൽ വിശ്വസിച്ച് അധികം കഴിയുന്നതിനുമുമ്പ്, ഒരു വ്യക്തിയോടെങ്കിലും ദൈവത്തിന്റെ സുവിശേഷം പങ്കുവെക്കാതെ ഒരു ദിവസം കടന്നുപോകരുതെന്ന് അദ്ദേഹം തീരുമാനിച്ചു. തിരക്കുള്ള ദിവസങ്ങളിൽ, ചിലപ്പോൾ വൈകിയായിരിക്കും അദ്ദേഹം തന്റെ തീരുമാനം ഓർക്കുന്നത്. ഒരു രാത്രി, കട്ടിലിൽ കിടന്നുകഴിഞ്ഞാണ് അദ്ദേഹം തന്റെ തീരുമാനം ഓർത്തത്. പുറത്തേക്കിറങ്ങുമ്പോൾ, ഈ കനത്ത മഴയിൽ ഇനിയാരും വെളിയിൽ കാണുകയില്ല എന്നദ്ദേഹം ചിന്തിച്ചു. അപ്പോഴാണ് ഒരാൾ തെരുവിലൂടെ നടന്നുവരുന്നത് അദ്ദേഹം കണ്ടത്. മൂഡി ഓടിയെത്തി, മഴ നനയാതെ അയാളുടെ കുടക്കീഴിൽ നിൽക്കാൻ അയാളോട് അനുവാദം ചോദിച്ചു. അനുമതി ലഭിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ”കൊടുങ്കാറ്റിന്റെ സമയത്ത് നിങ്ങൾക്ക് ഒരു അഭയസ്ഥാനം ഉണ്ടോ? യേശുവിനെക്കുറിച്ച് എനിക്ക് നിങ്ങളോടു പറയാമോ?”

നമ്മുടെ പാപങ്ങളുടെ ഭവിഷ്യത്തുകളിൽ നിന്ന് ദൈവം നമ്മെ എങ്ങനെ രക്ഷിക്കുന്നുവെന്ന് പങ്കുവെക്കാനുള്ള സന്നദ്ധത മൂഡിക്കുണ്ടായിരുന്നു. തന്റെ നാമം പ്രഖ്യാപിക്കാനും ”ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുവാനും” യിസ്രായേല്യർക്കു ദൈവം നൽകിയ നിർദ്ദേശങ്ങൾ അദ്ദേഹം അനുസരിച്ചു (യെശയ്യാവ് 12:4). ”അവന്റെ നാമം ഉന്നതമായിരിക്കുന്നു” എന്നു പ്രഖ്യാപിക്കാൻ അവിടുന്നു ദൈവജനത്തെ വിളിക്കുന്നതുകൊണ്ടു മാത്രമല്ല (വാ. 4), അവിടുന്ന്”[അവരുടെ] രക്ഷയായിത്തീർന്നിരിക്കകൊണ്ടും” (വാ. 2) അവർ അതു പങ്കുവെക്കണമായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം, യേശു ഒരു മനുഷ്യനായിത്തീരുകയും ക്രൂശിൽ മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത അത്ഭുതങ്ങൾ പ്രസ്താവിക്കാനുള്ള നമ്മുടെ വിളി ഇപ്പോഴും നിലനിൽക്കുന്നു.

മൂഡിയെപ്പോലെ, യേശുവിനെക്കുറിച്ച് നമ്മോട് സംസാരിക്കാൻ ആരെങ്കിലും അവരുടെ സുഖമേഖല വിട്ടു പുറത്തുവന്നതുകൊണ്ടാണ് ഒരുപക്ഷേ ദൈവസ്‌നേഹത്തെക്കുറിച്ച് നാം കേട്ടത്. നമുക്കോരോരുത്തർക്കും നമ്മുടെതായ രീതിയിൽ, രക്ഷകനെക്കുറിച്ച് ആരെയെങ്കിലും അറിയിക്കാൻ കഴിയും.