ഞങ്ങളുടെ വീടിന്റെ ഉൾവശത്തിന് പുതിയതും ഊഷ്മളവുമായ ഒരു കാഴ്ച നൽകാനുള്ള സമയമായിരുന്നു. പെയിന്റിംഗിനായി ഞാൻ ഒരു മുറി തയ്യാറാക്കാൻ തുടങ്ങിയപ്പോൾ, കോവിഡ്-19 മഹാമാരിയെത്തുടർന്ന് പെയിന്റ് കടകൾ അടച്ചിടാൻ പോകുന്നതായുള്ള ഞങ്ങളുടെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം വന്നു. അറിയിപ്പ് കേട്ടയുടനെ ഞാൻ കടയിലെത്തി ആവശ്യ സാധനങ്ങൾ വാങ്ങി. ആവശ്യമായ സാധനങ്ങൾ ഇല്ലാതെ നിങ്ങൾക്ക് പുനർനിർമ്മിക്കാൻ കഴികയില്ല.
എഫെസ്യർ 4 എഴുതിയപ്പോൾ, പൗലൊസിന്റെ മനസ്സിൽ ഒരു പുനർനിർമ്മാണ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അവൻ സംസാരിച്ചുകൊണ്ടിരുന്ന മാറ്റങ്ങൾ ഉപരിപ്ലവമായ മാറ്റങ്ങൾക്ക് മുകളിലുള്ള ഒന്നായിരുന്നു. യേശുവിനെ രക്ഷകനായി വിശ്വസിക്കുന്നത് നമ്മെ ഒരു പുതിയ സൃഷ്ടിയാക്കുന്നുണ്ടെങ്കിലും, ആത്മാവിന്റെ തുടർന്നു നടക്കേണ്ടതായ ചില പ്രവൃത്തികൾ ഇനിയുമുണ്ട്. ”സത്യത്തിന്റെ ഫലമായ നീതിയും വിശുദ്ധിയും” നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ സമയവും അധ്വാനവും ആവശ്യമാണ് (എഫെസ്യർ 4:24).
നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും യേശുവിനെ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ആന്തരിക മാറ്റങ്ങൾ ആത്മാവിന്റെ സാന്നിധ്യം നമ്മിൽ വരുത്തുന്നു. ഭോഷ്കിനു പകരം ”സത്യം” സംസാരിക്കുന്നതിന് അവൻ നമ്മെ സഹായിക്കുന്നു (വാ. 25). കോപിച്ചാൽ പാപം ചെയ്യാതിരിക്കാൻ അവൻ നമ്മെ നയിക്കുന്നു (വാ. 26). മറ്റുള്ളവർക്ക് ”ആത്മികവർദ്ധനയ്ക്കായി നല്ല വാക്കുകൾ” സംസാരിക്കാൻ അവൻ നമ്മെ സഹായിക്കുന്നു (വാ. 29). ദയ, മനസ്സലിവ്, ദീർഘക്ഷമ തുടങ്ങിയ കാര്യങ്ങളിൽ പ്രകടമാകുന്ന ആന്തരിക മാറ്റത്തിന്റെ ഭാഗമാണ് ഈ ആത്മ-നിയന്ത്രിത പ്രവർത്തനങ്ങൾ (വാ. 32). യേശുവിനെ അനുകരിക്കാനും നമ്മുടെ സ്വർഗ്ഗീയപിതാവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കാനും ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു (വാ. 24; 5:1).
ഏതെല്ലാം യഥാർത്ഥവും ഹൃദയാധിഷ്ഠിതവുമായ മേഖലകളിലാണ് പരിശുദ്ധാത്മാവ് തന്റെ നടത്തിപ്പിലൂടെയും ശക്തിയിലൂടെയും നിങ്ങളിൽ മാറ്റം വരുത്തേണ്ടതായിട്ടിരിക്കുന്നത്? അതു നിങ്ങൾ എങ്ങനെ ആരംഭിക്കും?
സ്നേഹവാനായ ദൈവമേ, എന്നെ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാക്കിയതിനു നന്ദി പറയുന്നു. അങ്ങ് എന്നിൽ വരുത്തിയ രൂപാന്തരം പ്രതിഫലിപ്പിക്കാൻ അങ്ങയുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ എന്റെ പ്രവർത്തനങ്ങളെ സഹായിക്കണമേ.
ത്രിത്വത്തെക്കുറിച്ച് കൂടുതലറിയുന്നതിന് DiscoverySeries.org/HP101 സന്ദർശിക്കുക.