സുഹൃത്തിനൊപ്പം ഉച്ചഭക്ഷണത്തിനായി എത്തിച്ചേർന്നപ്പോഴാണ് താൻ പഴ്‌സ് എടുത്തില്ലെന്ന കാര്യം റിതേഷ് ഓർത്തത്. ഇതവനെ പരിഭ്രാന്തനാക്കി. താൻ ഒന്നും കഴിക്കുന്നില്ലെന്ന് അവൻ ആദ്യം ശഠിച്ചു, അല്ലെങ്കിൽ എന്തെങ്കിലും കുടിക്കാൻ മാത്രം മതി എന്നു പറഞ്ഞു. ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനും ഉറപ്പിനും വഴങ്ങി അവൻ എതിർപ്പ് അവസാനിപ്പിച്ചു. അവനും സുഹൃത്തും ഭക്ഷണം കഴിച്ചശേഷം സുഹൃത്ത് സന്തോഷത്തോടെ പണം കൊടുത്തു.

ഒരുപക്ഷേ നിങ്ങൾക്കും ഇത്തരം സന്ദിഗ്ധാവസ്ഥ നേരിട്ടിട്ടുണ്ടാകാം; അല്ലെങ്കിൽ മറ്റൊരാളുടെ നന്മ സ്വീകരിക്കുന്ന സ്ഥാനത്ത് നിങ്ങൾ നിന്നിട്ടുണ്ടാകാം. നമ്മുടെ ചിലവുകൾ സ്വയം വഹിക്കാൻആഗ്രഹിക്കുന്നതു സ്വാഭാവികമാണ്, എങ്കിലും കൃപയോടെ നൽകപ്പെടുന്നവയെ നാം താഴ്മയോടെ സ്വീകരിക്കേണ്ട അവസരങ്ങളുണ്ട്.

ലൂക്കൊസ് 15:17-24 ൽ, പിതാവിനോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള ഒരു കടംവീട്ടൽ ആയിരിക്കാം ഇളയ മകൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക. ”ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കണമേ” (വാ. 19). കൂലിക്കാരൻ? അവന്റെ പിതാവിന് അങ്ങനെയൊന്നില്ല! പിതാവിന്റെ കണ്ണിൽ, അവൻ വീട്ടിലേക്കു വരുന്ന വളരെ പ്രിയപ്പെട്ട മകനായിരുന്നു. ഒരു പിതാവിന്റെ ആലിംഗനവും സ്നേഹപൂർവ്വമായ ചുംബനവും ആണ് അവനെ എതിരേറ്റത് (വാ. 20). എത്ര മഹത്തായ സുവിശേഷ ചിത്രമാണത്! യേശുവിന്റെ മരണത്താൽ, വെറും കൈയോടെ വരുന്ന മക്കളെ തുറന്ന കൈകളാൽ സ്വാഗതം ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവിനെ അവൻ വെളിപ്പെടുത്തിയതാണ് ഇതു നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരു ഗാനരചയിതാവ് ഇതിനെ ഇപ്രകാരം രേഖപ്പെടുത്തി: ”വെറും കൈയായ് ഞാൻ വരുന്നു, ക്രൂശിൽ മാത്രം നമ്പുന്നേ.”