ഞങ്ങളുടെ മക്കൾ കൗമാരത്തിലെത്തിയതോടെ ഞാൻ ഓരോരുത്തരും ഒരു കത്തെഴുതി. എന്റെ കൗമാരത്തിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു എന്ന് ഓർമ്മിച്ചുകൊണ്ട്, ക്രിസ്തുവിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ച് ഒരു കത്തിൽ ഞാൻ എഴുതി. ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ടവളാണെന്ന് – അവന്റെ പൈതൽ – ഞാൻ പഠിക്കേണ്ടതുണ്ടായിരുന്നു. ”നിങ്ങൾ ആരാണ് എന്നറിയുന്നത് നിങ്ങൾ ആരുടെ വകയാണ് എന്ന അറിവിലേക്കു നയിക്കും,” ഞാൻ എഴുതി. കാരണം, ദൈവം നമ്മെ സൃഷ്ടിച്ചുവെന്നും അവനെ അനുഗമിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും മനസ്സിലാക്കുമ്പോൾ, അവൻ നമ്മെ എങ്ങനെ സൃഷ്ടിച്ചുവോ അതിൽ നമുക്ക് സമാധാനമായിരിക്കാൻ കഴിയും. ഓരോ ദിവസവും അവനെപ്പോലെയാകാൻ അവിടുന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും നമുക്കറിയാം.
ദൈവമക്കളെന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള തിരുവെഴുത്തിൽ നിന്നുള്ള ഒരു അടിസ്ഥാന വേദഭാഗമാണ് ആവർത്തനം 33:12: ”അവൻ യഹോവയ്ക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു.” മോശെ മരിക്കുന്നതിനു തൊട്ടുമുമ്പ്, ദൈവത്തിന്റെ ജനം വാഗ്ദാനദേശത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന സമയത്ത്, അവൻ ബെന്യാമിൻ ഗോത്രത്തോട് ഈ അനുഗ്രഹം പ്രഖ്യാപിച്ചു. അവർ തനിക്കു പ്രിയപ്പെട്ടവരാണെന്ന് അവർ എപ്പോഴും ഓർക്കണമെന്നും അവന്റെ മക്കളെന്ന നിലയിൽ അവരുടെ സ്വത്വത്തിൽ സുരക്ഷിതരായിരിക്കണമെന്നും ദൈവം അവരെക്കുറിച്ച് ആഗ്രഹിച്ചു.
ദൈവമക്കളെന്ന നിലയിൽ നമ്മുടെ വ്യക്തിത്വം അറിയുന്നത് എല്ലാവർക്കും – കൗമാരക്കാർ, മധ്യവയസ്ക്കർ, ദീർഘകാലം ജീവിച്ചവർ – ഒരുപോലെ പ്രധാനമാണ്. ദൈവം നമ്മെ സൃഷ്ടിച്ചുവെന്നും നമ്മെ കാവൽചെയ്യുന്നുവെന്നും മനസ്സിലാക്കുമ്പോൾ, നമുക്ക് സുരക്ഷിതത്വവും പ്രത്യാശയും സ്നേഹവും കണ്ടെത്താനാകും.
നിങ്ങൾക്ക് ''അവന്റെ ചുമലിൽ വിശ്രമിക്കാൻ'' കഴിയുമെന്ന് അറിയുന്നത് ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കുന്നത് എങ്ങനെയാണ്? നിങ്ങൾ ആരാണെന്നുള്ള നിങ്ങളുടെ ഗ്രാഹ്യത്തെ ഇത് എങ്ങനെ ആഴമുള്ളതാക്കുന്നു?
സ്നേഹവാനായ പിതാവേ, അങ്ങ് എന്നെ സൃഷ്ടിക്കുകയും എന്നെ ചേർത്തുപിടിക്കുകയും ചെയ്യുന്നു. അങ്ങയുടെ പൈതൽ എന്ന നിലയിലുള്ള എന്റെ സ്വത്വം എന്റെ ചിന്തകളിലും പ്രവർത്തനങ്ങളിലും വ്യാപിക്കട്ടെ.