1890 കളുടെ അവസാനത്തിൽ സ്വീഡിഷ് മിഷനറി എറിക് ലണ്ടിന് സ്പെയിനിലേക്ക് പോകാൻ ദൈവം വിളിച്ചതായി തോന്നിയപ്പോൾ അദ്ദേഹം അത് അനുസരിച്ചു. അവിടെ വലിയ വിജയമൊന്നും കണ്ടില്ലെങ്കിലും ദൈവവിളിയെക്കുറിച്ചുള്ള തന്റെ ബോധ്യത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു ദിവസം, ബ്രൗലിയോ മനിക്കൻ എന്ന ഫിലിപ്പിനോക്കാരനെ അദ്ദേഹം കണ്ടുമുട്ടുകയും അയാളോടു സുവിശേഷം പങ്കുവെക്കുകയും ചെയ്തു. ലണ്ടും മനിക്കനും ചേർന്ന് പ്രാദേശിക ഫിലിപ്പൈൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്തു, പിന്നീട് അവർ ഫിലിപ്പൈൻസിൽ ആദ്യത്തെ ബാപ്റ്റിസ്റ്റ് മിഷൻ സ്റ്റേഷൻ ആരംഭിച്ചു. പലരും യേശുവിങ്കലേക്ക് തിരിഞ്ഞു – യെശയ്യാ പ്രവാചകനെപ്പോലെ ലണ്ട് ദൈവത്തിന്റെ വിളിയോട് പ്രതികരിച്ചതായിരുന്നു അതിനു കാരണം.
യെശയ്യാവ് 6:8 ൽ, വർത്തമാനകാല ന്യായവിധിയുടെയും ഭാവികാല പ്രത്യാശയുടെയും സന്ദേശം പ്രഖ്യാപിക്കുന്നതിന് യിസ്രായേലിലേക്ക് പോകാൻ സന്നദ്ധനായ ഒരാളെ ദൈവം അന്വേഷിച്ചു. യെശയ്യാവ് ധൈര്യപൂർവ്വം സന്നദ്ധനായി: ”അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ!” താൻ യോഗ്യനാണെന്ന് അവൻ കരുതിയില്ല, കാരണം ”ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ” (വാ. 5) എന്നവൻ ഏറ്റുപറഞ്ഞു. എന്നാൽ അവൻ ദൈവത്തിന്റെ വിശുദ്ധിക്ക് സാക്ഷ്യം വഹിക്കുകയും സ്വന്തം പാപത്തെ തിരിച്ചറിയുകയും ശുദ്ധീകരണം പ്രാപിക്കുകയും ചെയ്തതിനാലാണ് അവൻ മനസ്സോടെ പ്രതികരിച്ചത് (വാ. 1-7).
ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ അവൻ നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ മടിച്ചുനിൽക്കുകയാണോ? അങ്ങനെയാണെങ്കിൽ, യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം ചെയ്തതെല്ലാം ഓർക്കുക. നമ്മെ സഹായിക്കാനും നയിക്കാനും അവൻ പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നു (യോഹന്നാൻ 14:26; 15:26-27), അവന്റെ വിളിക്ക് ഉത്തരം നൽകാൻ അവൻ നമ്മെ ഒരുക്കും. യെശയ്യാവിനെപ്പോലെ, ”അടിയനെ അയയ്ക്കേണമേ” എന്ന് നമുക്കു പ്രതികരിക്കാം.
ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ അവൻ നിങ്ങളെ വിളിക്കുന്നുണ്ടോ? പ്രതികരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?
യേശുവേ, അങ്ങയെ സേവിക്കാൻ എന്നെ വിളിക്കുകയും പ്രാപ്തനാക്കുകയും ചെയ്യുന്നതിന് നന്ദി. ഇത് ഒരു പദവിയായി കണ്ട് അങ്ങയെ മനസ്സോടെ സേവിക്കാൻ എന്നെ സഹായിക്കണമേ.
ത്രിത്വത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ, ChristianUniversity.org/ST506-04 സന്ദർശിക്കുക.