ഫോൺ റിംഗ് ചെയ്ത ഉടനെ ഞാനത് എടുത്തു. ഞങ്ങളുടെ സഭാ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന അംഗമായിരുന്നു വിളിച്ചത്—ഏകദേശം നൂറ് വയസ്സിനോടടുത്തു പ്രായമുള്ള ഊർജ്ജസ്വലയും കഠിനാധ്വാനിയുമായ ഒരു സ്ത്രീ. അവളുടെ ഏറ്റവും പുതിയ പുസ്തകത്തിന് അന്തിമ സ്പർശം നൽകിയശേഷം, അതു പൂർത്തിയാക്കുന്നതിനു സഹായിക്കുന്നതിന് അവൾ എന്നോട് ചില എഴുത്ത് ചോദ്യങ്ങൾ ചോദിച്ചു. എന്നിരുന്നാലും, എല്ലായ്‌പ്പോഴും എന്നപോലെ ഞാൻ താമസിയാതെ അവളോട് ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു – ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും. ദീർഘമായ ഒരു ജീവിതത്തിൽ നിന്നുള്ള അവളുടെ പല പാഠങ്ങളും ജ്ഞാനത്താൽ തിളങ്ങുന്നതായിരുന്നു. അവൾ എന്നോടു പറഞ്ഞു, ”വേഗത ക്രമീകരിക്കുക.” അവൾ അത് ചെയ്യാൻ മറന്ന സമയങ്ങളെക്കുറിച്ച് ഞങ്ങൾ പെട്ടെന്നുതന്നെ ചിരിച്ചു—അവളുടെ അത്ഭുതകരമായ കഥകളെല്ലാം യഥാർത്ഥ സന്തോഷത്താൽ രുചി വരുത്തിയതായിരുന്നു.

ജ്ഞാനം സന്തോഷത്തിലേക്ക് നയിക്കുന്നു, ”ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ” (സദൃശവാക്യങ്ങൾ 3:13) എന്നു ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്കുള്ള ഈ പാത ഒരു വേദപുസ്തക ഉത്ക്കൃഷ്ട ഗുണമാണെന്ന് നാം മനസ്സിലാക്കുന്നു. ”ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും” (സദൃശവാക്യങ്ങൾ 2:10). ”തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു” (സഭാപ്രസംഗി 2:26). ജ്ഞാനം ”ആനന്ദകരമായ പാതകളിൽ നയിക്കും” എന്ന് സദൃശവാക്യങ്ങൾ 3:17 കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് എഴുത്തുകാരൻ സി.എസ്. ലൂയിസ് പ്രഖ്യാപിച്ചത് ”സന്തോഷമെന്നത് സ്വർഗ്ഗത്തിന്റെ ഗൗരവമായ ബിസിനസ്സ് ആണ്” എന്നാണ്. എന്നിരുന്നാലും, അവിടേയ്ക്കുള്ള പാത ജ്ഞാനത്താൽ പാകിയവയാണ്. 107 വയസ്സുവരെ ജീവിച്ച എന്റെ സഭാ സുഹൃത്ത് അതു സമ്മതിക്കും. അവൾ ജ്ഞാനവും സന്തോഷവുമുള്ള ഒരു സ്ഥിരവേഗതയിൽ രാജാവിനടുത്തേക്ക് നടന്നു.